.

പ്രകടനപത്രിക

അഴിമതിരഹിത ജനപക്ഷ വികസനം

1. ദേശീയ രാഷ്ട്രീയവും 13-ആം കേരള നിയമസഭാ തെരഞ്ഞെടുപ്പും

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായൊരു ദേശീയ രാഷ്ട്രീയ പശ്ചാത്തലമാണ് 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ളത്. അന്ന് ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനായി ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷാവകാശ പ്രതിബദ്ധതയ്ക്കും ഉത്തമ നിദര്‍ശനമായിരുന്നു സംസ്ഥാനത്തെ രാഷ്ട്രീയ ശത്രുക്കളുടെ ഒരു കേന്ദ്രസര്‍ക്കാരിനെ പിന്താങ്ങിയ ഈ നിലപാട്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ അമേരിക്കന്‍ വിധേയത്വവും ജനവിരുദ്ധ നയങ്ങളും മൂലം ഇടതുപക്ഷം ആ പിന്തുണ പിന്‍വലിച്ചു. ഒരു അവസരവാദ കൂട്ടുകെട്ടിന്റെ പിന്തുണയോടെ ഇന്ന് കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന രണ്ടാം യു.പി.എ സര്‍ക്കാരാവട്ടെ കൂടുതല്‍ തീവ്രതയോടെ ആഗോളവല്‍ക്കരണ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണ്.
രണ്ടാം യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ വിധേയത്വ നയമാണ് നിര്‍ലജ്ജം പിന്തുടരുന്നത്. ആണവക്കരാര്‍ അമേരിക്കയുമായുളള തന്ത്രപരമായ സൈനിക ബന്ധത്തിന്റെ തുടക്കമായിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി ധനകാര്യമേഖലയില്‍ ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോവുകയാണ്. ചരക്കുകളുടെ കാര്യത്തിലെന്നപോലെ ധനകാര്യത്തിലും ഇന്ത്യയെ ഒരു തുറന്ന സമ്പദ്ഘടനയാക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യം. കോര്‍പ്പറേറ്റുകള്‍ക്ക് ഭീമമായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വരുമാന നഷ്ടം നികത്താന്‍ പൊതുമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണ്. ഇവയെല്ലാം സ്വാശ്രയത്വത്തിന് മാത്രമല്ല, രാഷ്ട്രപരമാധികാരത്തിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു.
കേന്ദ്രനയങ്ങള്‍ രൂക്ഷമായ വിലക്കയറ്റത്തിലേയ്ക്കും ജനജീവിതദുരിതത്തിലേയ്ക്കും നയിച്ചിരിക്കുകയാണ്. കാര്‍ഷിക നിക്ഷേപത്തിലുണ്ടായ ഇടിവു മൂലം ഉല്‍പാദനം മുരടിച്ചു നില്‍ക്കുന്നതും ഇടത്തട്ടുകാരുടെയും ഊഹക്കച്ചവടക്കാരുടെയും തിരിമറികളും ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ദ്ധനയ്ക്ക് ഇടയാക്കിരിക്കുന്നു. കേന്ദ്രസര്‍ക്കാരാകട്ടെ, വില നിയന്ത്രിക്കുന്നതിന് പൊതുവിതരണ സമ്പ്രദായം ഉപയോഗപ്പെടുത്താന്‍ വിസമ്മതിക്കുകയാണ്. എണ്ണവില തുടര്‍ച്ചയായി ഉയര്‍ത്തുന്നത് ഭക്ഷ്യവിലക്കയറ്റം പൊതുവിലക്കയറ്റമായി മാറുന്നതിന് പ്രേരകമായിരിക്കുകയാണ്. കേന്ദ്ര ബജറ്റില്‍ വിലക്കയറ്റത്തെ തടയാന്‍ ഫലപ്രദമായ ഒരു നിര്‍ദ്ദേശവുമില്ല. ധനികര്‍ക്ക് 5.6 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നല്‍കിയവര്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനുള്ള 90,000 കോടി രൂപ കണ്ടെത്താനായിട്ടില്ല.
സ്വകാര്യവത്കരണം പൊതുസമ്പത്തിന്റെ കൊള്ളയായി മാറിയിരിക്കുന്നു. ഭരണത്തിന്റെ മേലുളള ദുസ്വാധീനമായിരിക്കുന്നു കോര്‍പറേറ്റുകളുടെ മത്സരശേഷിയുടെ പ്രധാനഘടകം. ഈ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും ദുര്‍ഗന്ധം വമിക്കുന്ന അധ്യായമായി 2-ജി സ്‌പെക്ട്രം അഴിമതി മാറിയിട്ടുണ്ട്. കോര്‍പറേറ്റുകളാണ് രണ്ടാം യുപിഎ സര്‍ക്കാരിലെ മന്ത്രിമാരെപ്പോലും നിശ്ചയിച്ചതെന്ന് റാഡിയ ടേപ്പ് സംഭവം വെളിപ്പെടുത്തി. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് വെട്ടിപ്പ്, എസ് ബാന്‍ഡ് (ഐ.എസ്.ആര്‍.ഒ) തിരിമറി, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ നിയമനം, ഭീമാകാരമായ കള്ളപ്പണത്തിനുള്ള സംരക്ഷണം ഇങ്ങനെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സുപ്രീംകോടതി വിധികള്‍ പ്രധാനമന്ത്രിയെപ്പോലും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു.
ഈയൊരു സാഹചര്യത്തെ മുതലാക്കുന്നതിന് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ 2-ജി സ്‌പെക്ട്രമടക്കമുളള കുംഭകോണങ്ങളുടെ വേര് ബിജെപി ഭരണം വരെ ചെല്ലുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി യെഡ്യൂരപ്പയുടെ അഴിമതിയെ ബിജെപി നേതൃത്വത്തിനു ന്യായീകരിക്കേണ്ടി വന്നു. ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങളുമായുളള ബന്ധം കോടതിയുടെ മുന്നിലെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്നു വ്യത്യസ്തമായ നയങ്ങളില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസിന്റെ അഴിമതി പാരമ്പര്യവും ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഭീഷണമായിക്കൊണ്ടിരിക്കുമ്പോള്‍ ബിജെപിയുടെ ബന്ധുക്കള്‍ക്ക് ഇവയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. ബിജെപി ഒന്നുകൊണ്ടും കോണ്‍ഗ്രസിനു ബദലല്ല.
ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തുന്ന ബദല്‍ പ്രസക്തമായി തീരുന്നത്. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുളള ബദല്‍ നയം ആവിഷ്‌കരിക്കുന്നതിന് ശക്തമായ പരിമിതികളുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അവഗണനാ മനോഭാവമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 3.2 ശതമാനം കേരളത്തിലാണെങ്കിലും കേന്ദ്ര നികുതി വിഹിതത്തില്‍ നമ്മുടെ ഓഹരി 2.6 ശതമാനം മാത്രമാണ്. കേരളത്തിലെ കേന്ദ്ര നിക്ഷേപം 2.6 ശതമാനമാണ്. എന്നാല്‍ ഈ പരിമിതികള്‍ക്കുളളില്‍ നിന്നു കൊണ്ട് ഓരോ മേഖലയിലും യുഡിഎഫിന്റേതില്‍ നിന്ന് വ്യത്യസ്തമായ നയസമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വെയ്ക്കുന്നത്.
കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന യാഥാസ്ഥിക ധനനയങ്ങള്‍ക്കുപകരം വികസനോന്മുഖ ധനനയം സ്വീകരിച്ചു. വികസന-ക്ഷേമ ചെലവുകള്‍ വെട്ടിച്ചുരുക്കാതെ വരുമാനം വര്‍ദ്ധിപ്പിച്ചുകൊണ്ട് കമ്മി കുറച്ചു. അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവ് ഇരട്ടിയായി. നികുതി വരുമാനമാകട്ടെ ഏതാണ്ട് 7000 കോടി രൂപയില്‍നിന്ന് 16000 കോടി രൂപയായി ഇരട്ടിയിലേറെ ഉയര്‍ന്നു. റോഡ് നിര്‍മ്മാണം പോലുള്ള മൂലധന ചെലവിനായി വായ്പ എടുക്കുന്നത് തെറ്റാണെന്ന് കേരളത്തിലെ ബദല്‍ ധനനയം കാണുന്നില്ല. കടഭാരത്തെ അളക്കുന്നത് വായ്പയുടെ വലുപ്പം നോക്കിയല്ല. മറിച്ച് അത് തിരിച്ചടയ്ക്കാനുള്ള സമ്പദ്ഘടനയുടെ ശേഷിയുടെ അഥവാ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാവണം. കേരള സമ്പദ്ഘടന വേഗതയില്‍ വളര്‍ന്നതുകൊണ്ട് കടഭാരത്തിന്റെ തോത് കുറയുകയാണ് ഉണ്ടായത്.
കാര്‍ഷികമേഖലയില്‍ സ്വതന്ത്രവ്യാപാര കരാറുകളെ കേരളം ശക്തിയുക്തം എതിര്‍ത്തു. ആസിയാന്‍ കരാറിന്റെ ആപത്ത് നാം അഭിമുഖീകരിക്കാന്‍ പോവുന്നതേ ഉള്ളൂ. കരാര്‍ കൃഷിക്കും മറ്റും ബദലായി കര്‍ഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പിന്തുടര്‍ന്നത്. ഭക്ഷ്യ ആവശ്യങ്ങള്‍ കമ്പോളം പരിഹരിക്കും എന്നതിന് പകരം ഭക്ഷ്യസുരക്ഷയിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഊന്നുന്നത്.
വ്യവസായ മേഖലയില്‍ പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് പകരം ശക്തിപ്പെടുത്തുന്ന ബദല്‍ നയം എല്‍.ഡി.എഫ് നടപ്പിലാക്കി. വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിന് കേരളം വിസമ്മതിച്ചു. ദേശീയപാതാ നിര്‍മ്മാണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ടോളിന് പകരം ഭാവി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ എടുത്ത് റോഡ് വികസനത്തിന് സമഗ്ര റോഡ് പദ്ധതി ആവിഷ്‌കരിച്ചു.
കേരളത്തിലെ പൊതുവിതരണത്തെ സംരക്ഷിച്ചും നിരന്തരവും ശക്തവുമായ കമ്പോള ഇടപെടലിന്റെ ഭാഗമായും വിലക്കയറ്റത്തില്‍ നിന്ന് ഒരു പരിധി വരെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞു. കേന്ദ്ര ലേബര്‍ ബ്യൂറോയുടെ കണക്കനുസരിച്ച് കേരളം വിലക്കയറ്റത്തില്‍ 17-ാം സ്ഥാനത്താണ്.
ആരോഗ്യ-വിദ്യാഭ്യാസമേഖലയില്‍ പൊതുസംവിധാനം ശക്തിപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ അര്‍ഹരെപോലും പുറന്തള്ളുന്ന ബി.പി.എല്‍ ലിസ്റ്റിനു പകരം ബദല്‍ ബി.പി.എല്‍ ലിസ്റ്റിന് രൂപം നല്‍കി. ആരോഗ്യ ഇന്‍ഷ്വറന്‍സ് പൊതു ആരോഗ്യവുമായി ബന്ധപ്പെടുത്തിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ആന്ധ്രയിലെ തകര്‍ന്നുകിടക്കുന്ന മൈക്രോഫിനാന്‍സ് മാതൃകയ്ക്കു കേരളത്തിലെ കുടുംബശ്രീ ഒരു ബദലാണ്. അധികാരവികേന്ദ്രീകരണത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് കേരളമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിനെപ്പോലെ ഭരണപരിഷ്‌കാരമായി ഇതിനെ കാണുന്നതിനു പകരം താഴെ തട്ടില്‍നിന്നുള്ള ജനകീയ പ്രസ്ഥാനമായിട്ടാണ് ഇതിനെ സംഘടിപ്പിച്ചത്. ലോകബാങ്ക് ആവിഷ്‌കരിച്ച അധികാരവികേന്ദ്രീകൃത മാതൃകയില്‍നിന്ന് കേരളത്തിന്റെ സംഭാവന തികച്ചും വ്യത്യസ്തമാണ്.
ഇപ്രകാരം ഓരോ മേഖലയിലും ജനകീയ ബദലിന് രൂപം നല്‍കാനാണ് ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ-സാമ്പത്തിക നീതിയും ഒന്നിച്ചുകൊണ്ടുപോകുന്ന കേരള വികസന മാതൃകയ്ക്ക് രൂപം നല്‍കി. അനിയന്ത്രിതമായ കമ്പോളവല്‍ക്കരണമാണ് വികസന മാര്‍ഗം എന്ന ധാരണ കേരളം തിരുത്തുകയാണ്.

2. വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട്...

അഞ്ചുവര്‍ഷം മുമ്പ് സമ്മതിദായകര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ക്ഷേമപെന്‍ഷന്‍ 200 രൂപയാക്കുമെന്ന് പറഞ്ഞു. എന്നാല്‍ അത് 400 രൂപയായി ഉയര്‍ത്തി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യവിലയ്ക്ക് റേഷന്‍ നല്‍കുമെന്നു പ്രഖ്യാപിച്ചു. എന്നാല്‍ എല്ലാവര്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ചേ പ്രകടനപത്രികയില്‍ പരാമര്‍ശമുണ്ടായിരുന്നുളളൂ. എന്നാല്‍ അത് നഗരങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. പരമ്പരാഗത മേഖലയില്‍ വരുമാനമുറപ്പു പദ്ധതിയും ആവിഷ്‌കരിച്ചു. എല്ലാവര്‍ക്കും വീട് എന്ന സങ്കല്‍പം ഇഎംഎസ് പാര്‍പ്പിട പദ്ധതിയിലൂടെയും എം.എന്‍ ലക്ഷംവീട് പദ്ധതിയിലൂടെയും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവരുടെ എല്ലാ ഭവനവായ്പകളും എഴുതിത്തളളി. പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ എല്ലാ വീട്ടിലും വെളിച്ചവും കക്കൂസും ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചു.
നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കുമെന്നു മാത്രമേ പറഞ്ഞിരുന്നുളളൂ. എന്നാല്‍ 7 രൂപയില്‍ നിന്ന് 14 രൂപയായി, ഇരട്ടിയായി, വര്‍ദ്ധിപ്പിച്ചു. കടാശ്വാസം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ ഒരു പ്രധാന ഇനമായിരുന്നു. കേന്ദ്ര കടാശ്വാസ പ്രഖ്യാപനത്തിനു മുന്നേ തന്നെ കാര്‍ഷിക കടാശ്വാസ കമ്മിഷനു കേരള സര്‍ക്കാര്‍ രൂപം നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും കടാശ്വാസം പ്രഖ്യാപിച്ചു.
വില്‍പന നിര്‍ത്തിവെച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന് പറഞ്ഞപ്പോള്‍ 96 കോടി രൂപ നഷ്ടം വരുത്തിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 300 കോടിയിലേറെ ലാഭം സൃഷ്ടിക്കുന്നവയായി മാറുമെന്ന് എത്രപേര്‍ ചിന്തിച്ചിട്ടുണ്ടാകും! എട്ടു പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിച്ചു എന്നു മാത്രമല്ല, ആലപ്പുഴയിലെ കേരള സ്പിന്നേഴ്‌സ് ദേശസാല്‍ക്കരിക്കുകയും ചെയ്തു. ഇന്‍ഫോപാര്‍ക്ക് സംരക്ഷിച്ചും വികസിപ്പിച്ചും കൊണ്ടു തന്നെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കി. അഞ്ചുവര്‍ഷം കൊണ്ട് ഐടി പാര്‍ക്കുകളുടെ വിസ്തൃതി 339 ഏക്കറില്‍നിന്ന് 2261 ഏക്കറായി ഉയര്‍ത്തി. കെട്ടിടങ്ങളുടെ വിസ്തൃതിയാകട്ടെ 18.9 ലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 76.1 ലക്ഷം ചതുരശ്ര അടിയായി ഉയര്‍ത്തി. പൈതൃക സംരക്ഷണ ടൂറിസം ആവിഷ്‌കരിച്ചു. ഈ സര്‍ക്കാര്‍ വരുന്നതുവരെ വ്യവസായ ആവശ്യങ്ങള്‍ക്ക് ഏറ്റെടുത്ത ഭൂമിയുടെ വിസ്തൃതി 3000 ഏക്കറായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയില്‍ മാത്രം 3700 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാനുളള നടപടികള്‍ പൂര്‍ത്തിയാക്കി. വനാവകാശ നിയമമനുസരിച്ച് 30,000-ത്തോളം ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്തു. ഇന്ത്യയില്‍ ആദ്യമായി ഈ നിയമം പൂര്‍ണ്ണമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ റോഡ് പുനരുദ്ധാരണത്തിന് പ്രകടനപത്രിക നല്‍കിയ പ്രാധാന്യം കണക്കിലെടുത്ത് രണ്ടാം വര്‍ഷം ഓരോ മണ്ഡലത്തിനും ഒരു കോടി രൂപ വീതവും മൂന്നാം വര്‍ഷം രണ്ടു കോടി രൂപ വീതവും നാലാം വര്‍ഷം ചുരുങ്ങിയത് 15 കോടി രൂപ വീതവും അങ്ങനെ ഏതാണ്ട് 5000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കി. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ റോഡുകള്‍ മുഴുവന്‍ പുനരുദ്ധരിക്കുന്നതിന് 40,000 കോടി രൂപയുടെ സമഗ്ര പരിപാടിയ്ക്ക് രൂപം നല്‍കാനും കഴിഞ്ഞു.
പ്രകടനപത്രികയിലെ കാഴ്ചപ്പാട് അനുസരിച്ച് രൂപീകരിച്ച ജനകീയാരോഗ്യ നയവും വിദ്യാഭ്യാസ നയവും ഈ മേഖലകളിലെ പൊതുസംവിധാനങ്ങളിലെ ഗുണമേന്മയില്‍ കുതിച്ചു ചാട്ടം സൃഷ്ടിച്ചു. സ്വകാര്യവല്‍ക്കരണമല്ല ജനപങ്കാളിത്തമാണ് ഗുണമേന്മ ഉയര്‍ത്താനുള്ള മാര്‍ഗം എന്ന് കേരളത്തിലെ അനുഭവം തെളിയിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ ചെലവ് മൂന്നു മടങ്ങിലേറെയായി ഉയര്‍ത്തിയിരിക്കുകയാണ്. മാതൃഭാഷാ സംരക്ഷണത്തിനുള്ള നടപടികളും സ്വീകരിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനു നല്‍കിയ ഊന്നല്‍ ഇന്ന് ഹരിത ബജറ്റിലെത്തിയിരിക്കുകയാണ്. റിസര്‍വ്വ് വനത്തിന്റെ വിസ്തൃതിയില്‍ 50,000-ത്തില്‍പ്പരം ഏക്കര്‍ വര്‍ദ്ധനവ് വരുത്തി. ജെന്‍ഡര്‍ ബജറ്റ് യാഥാര്‍ത്ഥ്യമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തി. യുഡിഎഫ് നിയോഗിച്ച മൂന്നാം ധനകാര്യകമ്മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ലഭിച്ചുവന്ന ധനസഹായം ഗണ്യമായി വെട്ടിക്കുറച്ചു. നാലാം ധനകാര്യ കമ്മിഷനിലൂടെ അവ പുനസ്ഥാപിച്ചിരിക്കുകയാണ്. നടപ്പുവര്‍ഷത്തില്‍ 40 ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികമായി ലഭിക്കുന്ന സഹായം. പട്ടികജാതി-പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കുളള പണം അനുമാനക്കണക്കുകളെ അടിസ്ഥാനമാക്കാതെ ജനസംഖ്യാനുപാതികമായി നീക്കിവെയ്ക്കും എന്ന വാഗ്ദാനം പാലിച്ചതിന്റെ ഫലമായി ഇവയുടെ അടങ്കല്‍ ഇരട്ടിയായി.
നിയമനിരോധനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് 13600 തസ്തിക നിര്‍ത്തലാക്കിയ സ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 31000 തസ്തിക സൃഷ്ടിച്ചു. പിഎസ്‌സി വഴി ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു. ജീവനക്കാര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നിഷേധിച്ച ഭവനവായ്പയടക്കം എല്ലാ ആനുകൂല്യങ്ങളും പുനസ്ഥാപിച്ചു. യു.ഡി.എഫ് സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി കൃത്യസമയത്ത് ശമ്പളപരിഷ്‌കരണം നടപ്പിലാക്കി. അനോമിലി പരിഹരിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തി. കെ.എസ്.ഇ.ബി, കെ.ഡബ്ല്യൂ.എ തുടങ്ങി ഏതാണ്ടെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ശമ്പളപരിഷ്‌കരണം നടപ്പാക്കി. കെ.എസ്.ആര്‍.ടി.സി 1290 പുതിയ ഷെഡ്യൂളുകള്‍ ഈ കാലയളവില്‍ ആരംഭിച്ചു. 19,948 പുതിയ നിയമനങ്ങള്‍ ഇതിനകം ഇവിടെ നടത്തി. ട്രാന്‍സ്‌പോര്‍ട്ട് രംഗത്ത് 13 ശതമാനം ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ പങ്കാളിത്തം 27 ശതമാനമായി ഉയര്‍ത്തി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി.
ദേശീയ ശരാശരിയെക്കാള്‍ ഗണ്യമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി ലക്ഷ്യമിടുന്നത്'എന്ന പ്രഖ്യാപനം അക്ഷരംപ്രതി യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ദേശീയ വരുമാനം 8.6 ശതമാനം ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 9.6 ശതമാനം ഉയര്‍ന്നു.

3. രണ്ടു മാതൃകകള്‍

വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടുളള കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ എല്‍ഡിഎഫ് ഭരണത്തെ യുഡിഎഫിന്റെ ദുര്‍ഭരണവുമായി താരതമ്യപ്പെടുത്തിയാല്‍ എന്തിന്റെ തുടര്‍ച്ചയാണ് കേരളത്തില്‍ ഇനി വേണ്ടത് എന്നതിനെക്കുറിച്ച് ഒരാള്‍ക്കുപോലും സംശയത്തിനിടയുണ്ടാവില്ല.
2001-06 കാലത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റേതുപോലൊരു ദുര്‍ഭരണം കേരളം അതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. കേരള വികസനത്തിന് നഷ്ടത്തിന്റെ അഞ്ചുവര്‍ഷമായി ആ കാലയളവു മാറി. ജനകീയാസൂത്രണത്തിനു പകരം കേരള വികസന പദ്ധതി എന്ന പേരില്‍ അവര്‍ തട്ടിക്കൂട്ടിയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരണ സങ്കല്‍പങ്ങളുടെ അടിത്തറ തന്നെ നശിപ്പിച്ചു. മൂന്നാം ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിനെ എഡിബിയുടെ ഭരണ നവീകരണ പദ്ധതിയാക്കി അധഃപതിപ്പിച്ചു. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ കവര്‍ന്നെടുത്തും പ്രതികരിക്കാനും പ്രക്ഷോഭം നടത്താനുമുളള ജനാധിപത്യാവകാശങ്ങള്‍ക്കു വില പറഞ്ഞുമാണ് വലതുമുന്നണി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചത്. ധനകാര്യ ഉത്തരവാദിത്വ ബില്‍ പാസ്സാക്കികൊണ്ടു സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ-വികസന ഇടപെടലുകളുടെ സാധ്യത വെട്ടിച്ചുരുക്കി. ഭരണകൂടത്തെ നിര്‍ബന്ധിത ചെറുതാക്കലിനു വിധേയമാക്കി.
വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ പൊതുസൗകര്യങ്ങള്‍ക്കും പൊതുമേഖലയ്ക്കും പരമ്പരാഗതവ്യവസായങ്ങള്‍ക്കും മറ്റുമുള്ള ധനസഹായം വെട്ടിക്കുറക്കപ്പെട്ടു. പൊതുകാര്യങ്ങളില്‍ നിന്നും ഭരണകൂടം പിന്മാറുകയാണെന്നും ആ ഇടം കമ്പോള ശക്തികള്‍ക്കു അഥവാ മൂലധനശക്തികള്‍ക്കു വിട്ടുകൊടുക്കുകയാണെന്നും വിളംബരമുണ്ടായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ തസ്തികകള്‍ വെട്ടിക്കുറക്കുകയും, ശമ്പളം മരവിപ്പിക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍പ്പനയ്ക്കുവെച്ചു. കാടും, കായലും, കടലോരങ്ങളും, പുഴയും, റവന്യുഭൂമിയും എന്നു വേണ്ട പൊതുസ്വത്തും പൊതുവിഭവങ്ങളും കൈയ്യേറ്റക്കാരുടെ സ്വാതന്ത്യത്തിനു വിട്ടുകൊടുക്കുന്ന സ്ഥിതിയുണ്ടായി. അഴിമതി അഴിഞ്ഞാടി. ഏതാണ്ട് എല്ലാ മന്ത്രിമാരും അഴിമതിയാരോപണങ്ങളിലും കേസിലും പ്രതികളായി.
കേരളത്തിന്റെ വികസനരംഗത്ത് ഘടനാപരമായ അപഭ്രംശത്തിനു ഇടയാക്കിയ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ മേല്‍പറഞ്ഞ നടപടികളുടെ പ്രത്യാഘാതം ഏറെ രൂക്ഷമായിരുന്നു. കേരളം പട്ടിണിമരണങ്ങളുടെയും കര്‍ഷക ആത്മഹത്യകളുടെയും നാടായി മാറി. നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു എന്നു കരുതിയിരുന്ന പകര്‍ച്ചവ്യാധികള്‍ തിരിച്ചുവന്നു. വര്‍ഗീയ കലാപങ്ങള്‍ രൂപപ്പെട്ടു. പെണ്‍വാണിഭസംഘങ്ങള്‍ പെരുകി. അധോലോകം വളര്‍ന്നു. തീവ്രവാദസംഘങ്ങള്‍ കേരളത്തെ സുരക്ഷിത സങ്കേതമാക്കി. പൊതുസ്ഥലങ്ങളില്‍ ബോംബുകള്‍ കണ്ടെത്തുന്നതും, ദുരൂഹമായ സ്‌ഫോടനങ്ങള്‍ ഉണ്ടാവുന്നതും വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. കൂട്ടായ ഇടപെടലിന്റെ ഇടുതുപക്ഷ പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനം കേരളത്തെ എവിടെ കൊണ്ടെത്തിക്കും എന്നതിന്റെ തുറന്നുകാട്ടലായി ആ വര്‍ഷങ്ങള്‍.
ഐക്യകേരളപ്പിറവിയ്ക്കു ശേഷം സംസ്ഥാനത്തിന്റെ പുരോഗമന വികസന മാതൃകക്കെതിരെ നടന്ന ഏറ്റവും ക്രൂരമായ ഈ ആക്രമണത്തില്‍ മുറിവേറ്റു ക്ഷീണിച്ച സംസ്ഥാനത്തെ വീണ്ടും വികസനത്തിന്റെയും, ക്ഷേമത്തിന്റെയും സാമൂഹ്യനീതിയുടെയും പാതയിലേക്കു തിരിച്ചെത്തിക്കുക എന്ന കടമയാണ് 2006-2011ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഏറ്റെടുത്തത്. അങ്ങനെ കഴിഞ്ഞ അഞ്ചുവര്‍ഷം യുഡിഎഫ് ദുര്‍ഭരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരനുഭവമായി മാറി. ഏത് മേഖലയെടുത്തു പരിശോധിച്ചാലും ഈ മാറ്റം അനുഭവവേദ്യമാണ്.
ക്ഷേമമേഖലയില്‍ യുഡിഎഫ്, എല്‍ഡിഎഫ് ഭരണങ്ങള്‍ തമ്മിലുളള താരതമ്യം താഴെ കൊടുക്കുന്നു.
ഇനം വാര്‍ഷികച്ചെലവ് (കോടി രൂപയില്‍)
ക്ഷേമമേഖലയില്‍ യുഡിഎഫ്, എല്‍ഡിഎഫ് ഭരണങ്ങള്‍ തമ്മിലുളള താരതമ്യം
മുന്നണി യുഡിഎഫ് എല്‍ഡിഎഫ്
ക്ഷേമ പെന്‍ഷനുകള്‍ 134 കോടി 389 കോടി
ഭക്ഷ്യസബ്സിഡി 34 കോടി 235 കോടി
മത്സ്യമേഖല 105 കോടി 619 കോടി
കയര്‍മേഖല 23 കോടി 59 കോടി
കശുവണ്ടി 15 കോടി 42 കോടി
40 - 50 തൊഴിൽ ദിനങ്ങൾ 200 തൊഴില്‍ ദിനങ്ങള്‍
കൈത്തറി 28 കോടി 48 കോടി
2011-'12ല്‍ 57 കോടി
പട്ടികജാതി ഘടകപദ്ധതി 395 കോടി 840 കോടി
64% മാത്രം ചെലവഴിച്ചു 91% ചെലവഴിച്ചു
പട്ടികവര്‍ഗ്ഗ ഉപപദ്ധതി 103 കോടി 178 കോടി
65% മാത്രം ചെലവഴിച്ചു 93% ചെലവഴിച്ചു
കുടിവെള്ളം എത്തിച്ച വീടുകള്‍ 25 ലക്ഷം 59 ലക്ഷം
കര്‍ഷക ആത്മഹത്യകള്‍ പഴങ്കഥകളായി. കേരളത്തില്‍ ഇപ്പോള്‍ കര്‍ഷക ആത്മഹത്യ ഇല്ലെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. 1999-2004 കാലത്തെ വിലത്തകര്‍ച്ചയുടെ കെടുതിയില്‍ നിന്ന് കാര്‍ഷിക ഉത്പാദനം ഇനിയും കരകയറിക്കഴിഞ്ഞിട്ടില്ല. വിലത്തകര്‍ച്ചയുടെ കാലയളവില്‍ നിക്ഷേപത്തില്‍ വലിയ ഇടിവുണ്ടായി. കേരളത്തിലെ കൃഷി വൃക്ഷവിളകളായതിനാല്‍ ഉത്പാദനക്ഷമത വീണ്ടും ഉയര്‍ന്നു തുടങ്ങാന്‍ ഇനിയും താമസമുണ്ടാകും. ഇതാണ് യുഡിഎഫ് വലിയ വിമര്‍ശനമായി മുന്നോട്ടു വയ്ക്കുന്നത്. നടപ്പുവര്‍ഷം മുതലുളള കാര്‍ഷിക വളര്‍ച്ച അവരുടെ വായടക്കും. നെല്‍കൃഷിയുടെ കാര്യത്തില്‍ മൂന്നു പതിറ്റാണ്ടായി തുടരുന്ന വിസ്തൃതിയുടെയും ഉല്‍പാദനത്തിന്റെയും ഇടിവ് തിരുത്താന്‍ ഭക്ഷ്യസുരക്ഷാ പരിപാടിയിലൂടെ കഴിഞ്ഞു. 2007-08ല്‍ 2.28 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നിന്ന് 5.28 ലക്ഷം ടണ്‍ നെല്ലായിരുന്നു ഉല്‍പാദിപ്പിച്ചത്. തുടര്‍ന്നുളള മൂന്നുവര്‍ഷങ്ങളിലും തുടര്‍ച്ചയായി ഉല്‍പാദനം ഉയര്‍ന്നു. ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടു പ്രകാരം 2009-10ല്‍ വയല്‍ വിസ്തൃതി 2.34 ലക്ഷം ഹെക്ടറായും ഉല്‍പാദനം 5.9 ലക്ഷം ടണ്ണായും വര്‍ദ്ധിച്ചു.
യുഡിഎഫ് ഭരണകാലത്ത് പാലിന്റെ ഉല്‍പാദനവും തുടര്‍ച്ചയായി കുറയുകയായിരുന്നു. 2005-06ല്‍ 20.63 ലക്ഷം ടണ്‍ പാലുല്‍പാദിപ്പിച്ച സ്ഥാനത്ത് 2010-11ല്‍ 29 ലക്ഷം ടണ്‍ പാല്‍ ഉല്‍പാദിപ്പിച്ചു. മുട്ടയുടെ ഉല്‍പാദനം 120 കോടിയില്‍നിന്ന് 163 കോടിയായി ഉയര്‍ന്നു. ഉള്‍നാടന്‍ മത്സ്യോത്പാദനം 0.75 ലക്ഷം ടണ്ണില്‍ നിന്ന് 1.26 ലക്ഷം ടണ്ണായി ഉയര്‍ന്നു. പച്ചക്കറിയുടെ ഉല്‍പാദനത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ട്.
ഏറ്റവും പിന്നോക്കം നിന്ന സ്‌കൂളുകളില്‍പ്പോലും വിജയശതമാനത്തിലുണ്ടായ വലിയ വര്‍ദ്ധന സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ന്നതിന്റെ സൂചികയാണ്. ഉന്നതവിദ്യാഭ്യാസതലത്തില്‍ സെമസ്റ്റര്‍ സമ്പ്രദായവും പാഠ്യപദ്ധതി പരിഷ്‌കാരവും നടപ്പാക്കി. യുഡിഎഫ് ഭരണകാലത്ത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുളള ധനസഹായം 2001-02ല്‍ 710.28 കോടി രൂപ ആയിരുന്നത് 2005-06ല്‍ 790.34 കോടി രൂപയായി തുടരുകയായിരുന്നു. ഇതിന്റെ ഫലമായി അത്യാവശ്യം ഒഴിവുകള്‍ പോലും നികത്താനാവാത്ത നില സര്‍വകലാശാലകള്‍ക്കു വന്നു ചേര്‍ന്നു. എന്നാല്‍ ഈ സ്ഥിതിവിശേഷം ഇന്നു പാടേ മാറി. 2011-12ല്‍ 2300 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, വെറ്റിനറി യൂണിവേഴ്‌സിറ്റി, ഫിഷറീസ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപിച്ചു.
ആരോഗ്യമേഖലയിലും മുന്‍കാലത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പുതിയ ആശുപത്രി കെട്ടിടങ്ങള്‍, ആധുനിക ഉപകരണങ്ങള്‍, സ്റ്റാഫിന്റെ എണ്ണത്തിലുള്ള വര്‍ദ്ധന, മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴിയുള്ള മരുന്ന് സപ്ലൈ ഇവയെല്ലാം ആരോഗ്യമേഖലയില്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണ്.
കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഒരു ദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായില്ല. നടപ്പുവര്‍ഷത്തില്‍ ഇതുവരെ ഒരുദിവസം പോലും റിസര്‍വ് ബാങ്കില്‍ നിന്നു കൈവായ്പ വാങ്ങേണ്ടി വന്നിട്ടില്ല. ഏതാണ്ടെല്ലാ വെയ്‌സ് ആന്‍ഡ് മീന്‍സ് നിയന്ത്രണങ്ങളും വേണ്ടെന്നു വച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം ദിവസങ്ങളിലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായിരുന്നു എന്നോര്‍ക്കണം.
യു.ഡി.എഫ് കാലത്തെ പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും പൂര്‍ണ്ണമായും ഒഴിവാക്കി. അഞ്ചുവര്‍ഷത്തിനിടയില്‍ താരിഫ് വര്‍ദ്ധിപ്പിക്കുകയുണ്ടായില്ല. മീറ്റര്‍ വാടക വേണ്ടെന്നുവച്ചു. വല്ലാര്‍പ്പാടം, വിഴിഞ്ഞം പോര്‍ട്ട്, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിമാരില്‍ ഒരാള്‍ക്കെതിരെ പോലും തെളിവുസഹിതം ഒരഅഴിമതിയാരോപണം പോലും തെളിവുസഹിതം ഉന്നയിക്കുന്നതിന് പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു യുഡിഎഫ് മന്ത്രി ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. നാലുപേര്‍ക്കെതിരെ കോടതിയില്‍ കേസ് നടന്നുവരികയാണ്. ബാക്കിയുളളവരില്‍ ഭൂരിപക്ഷവും വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.
യുഡിഎഫ് ഭരണകാലം സ്ത്രീപീഡനങ്ങളുടെ വിളയാട്ടമായിരുന്നു. ക്രമസമാധാനത്തകര്‍ച്ചയുടെ കാലമായിരുന്നു. 121 വര്‍ഗീയ ലഹളകള്‍ ഇക്കാലത്ത് നടന്നു. ഇതില്‍ 18 പേര്‍ മരണപ്പെട്ടു. 72 പോലീസ് വെടിവെപ്പുകളും ഉണ്ടായി. ഇതായിരുന്നു യുഡിഎഫ് ഭരണകാലത്തെ ക്രമസമാധാനത്തിന്റെ റെക്കോഡ്.
രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ വികസന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പല പുരസ്‌കാരങ്ങളും സംസ്ഥാനത്തെ തേടിയെത്തി.
  1. കാര്യക്ഷമമായ അധികാര വികേന്ദ്രീകരണത്തിന്
  2. മികച്ച ക്രമസമാധാന പാലനത്തിന്
  3. ശുദ്ധജലവിതരണ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മൂന്ന് അവാര്‍ഡുകള്‍
  4. സര്‍വ്വശിക്ഷാ അഭിയാന്‍ അപ്പര്‍ പ്രൈമറി തലംവരെ മികച്ച രീതിയില്‍ നടപ്പാക്കിയതിന്.
  5. ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്
  6. ശുചിത്വ പരിപാലനത്തിന്
  7. രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന മികച്ച രീതിയില്‍ നടപ്പാക്കുന്നതിന്
  8. 'എന്റെ മരം' പദ്ധതിക്കും വനത്തിനുപുറത്ത് വൃക്ഷാവരണം തീര്‍ക്കുന്നതിനും
  9. ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് ഏകജാലകസംവിധാനം നടപ്പിലാക്കിയതിന്
  10. സോഫ്റ്റ്‌വെയര്‍ വികസനത്തിന്
  11. നികുതി വകുപ്പിലെ ഇ-ഗവേര്‍ണന്‍സിന് 3 അവാര്‍ഡുകള്‍
  12. ടൂറിസത്തിന് 26 അവാര്‍ഡുകള്‍

പുത്തന്‍ കേരള വികസന മാതൃകയ്ക്കായി ഒരു കര്‍മ്മപരിപാടി

മുകളില്‍ വിവരിച്ച നേട്ടങ്ങളുടെ നിറവില്‍ നിന്നുകൊണ്ട് നാളയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ആത്മവിശ്വാസത്തോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിന് ഒരു തുടര്‍ച്ച ഉണ്ടായേ തീരൂ. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുത്തന്‍ വികസന മാതൃക സൃഷ്ടിക്കായുള്ള കര്‍മ്മപരിപാടി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വയ്ക്കുകയാണ്. അവ ഏഴ് ഖണ്ഡികകളിലായി സംക്ഷേപിക്കുന്നു.
  1. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സംസ്ഥാനമാക്കി മാറ്റും. ഇതിനായി കാര്‍ഷികാഭിവൃദ്ധി ഉറപ്പുവരുത്തും. ഐടി, ടൂറിസം, ഇലക്‌ട്രോണിക്‌സ്, മൂല്യവര്‍ദ്ധിത കാര്‍ഷിക വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളുടെ ഗതിവേഗം ഉയര്‍ത്തും.
  2. നാല്‍പതിനായിരം കോടി രൂപയുടെ റോഡു പുനരുദ്ധാരണ പദ്ധതി നടപ്പാക്കും. അതിവേഗ റെയില്‍പാത, ദേശീയ ജലപാതകള്‍, വിമാനത്താവളങ്ങള്‍, പുതിയ തുറമുഖങ്ങള്‍, വാതകശൃംഖല എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സ്വകാര്യ നിക്ഷേപകരെ കൂടുതലായി കേരളത്തിലേയ്ക്ക് ആകര്‍ഷിക്കും. അതോടൊപ്പം പൊതുമേഖലയെ വളര്‍ച്ചയുടെ ചാലകശക്തിയാക്കി മാറ്റും.
  3. സാമ്പത്തിക വളര്‍ച്ചയിലൂടെ തൊഴിലവസരങ്ങളില്‍ ഗണ്യമായ വര്‍ദ്ധന സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ചെറുകിട-സൂക്ഷ്മ മേഖലകളില്‍ പത്തുലക്ഷവും സേനവത്തുറകളില്‍ പത്തുലക്ഷവും ഐ.ടി-ബി.ടി സംഘടിത മേഖലകളില്‍ അഞ്ചുലക്ഷവും സര്‍ക്കാര്‍ മേഖലയില്‍ 50,000 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കും. ഇത്തരത്തില്‍ കാര്‍ഷികേതര മേഖലകളില്‍ 25 ലക്ഷത്തില്‍പ്പരം തൊഴിലവസരം സൃഷ്ടിക്കും.
  4. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നിയോലിബറല്‍ ചട്ടക്കൂട് അസമത്വവും ദാരിദ്ര്യവും തീക്ഷ്ണമാക്കുന്നു. അതുകൊണ്ട് വളര്‍ച്ചയോടൊപ്പം സാധാരണക്കാരായ മുഴുവന്‍ പൗരന്മാര്‍ക്കും സമഗ്രമായ സാമൂഹ്യസുരക്ഷിതത്ത്വം ഉറപ്പുവരുത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. ഭൂപ്രശ്‌നത്തിന് പരിഹാരം കാണും. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും ഭക്ഷണം, വെള്ളം, വെളിച്ചം, ശുചിത്വം എന്നിവ ഉറപ്പുവരുത്താന്‍ നടപ്പാക്കിവരുന്ന സ്‌കീമുകള്‍ പൂര്‍ണതയിലെത്തിക്കും. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ വില നല്‍കി സാമൂഹ്യസുരക്ഷാ പുനരധിവാസ പദ്ധതി നടപ്പിലാക്കും.
  5. സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വളര്‍ന്നുവരുന്ന തലമുറയുടെ തൊഴില്‍ നൈപുണി മെച്ചപ്പെടുത്തുന്നതിനും വിവിധ തൊഴില്‍ത്തുറകളില്‍ മികവുറ്റ തൊഴിലാളികളെ ലഭ്യമാക്കുന്നതിനും ഉപകരിക്കുംവിധം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം/പോളിടെക്‌നിക്/ഐ.ടി.ഐ തുടങ്ങിയവ പരിഷ്‌കരിക്കുന്നതാണ്. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റാനുതകുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം ഉയര്‍ത്തും.
  6. കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും. ദുര്‍ബ്ബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കും. പരിസ്ഥിതി സന്തുലനാവസ്ഥ സംരക്ഷിക്കും.
  7. വികസനോന്മുഖ ധനനയം നടപ്പാക്കും. ക്ഷേമച്ചെലവുകള്‍ ചുരുക്കാതെ റവന്യൂ കമ്മി പരമാവധി കുറയ്ക്കും. അതേസമയം നാടിന് അത്യന്താപേക്ഷിതമായ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് ഭാവനാപൂര്‍ണമായ പരിപാടികള്‍ ആവിഷ്‌കരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉതകുംവിധം സമഗ്രമായ ഭരണപരിഷ്‌കാരം നടപ്പാക്കും. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഭരണം നവീകരിക്കും. സെക്രട്ടേറിയറ്റ്, റവന്യൂ തുടങ്ങിയ ഭരണതലങ്ങളിലും അടിയന്തര പരിഷ്‌കാരങ്ങള്‍ നടത്തും.
ഇപ്രകാരം ക്ഷേമവും നീതിയും ഉറപ്പുവരുത്തി അതിവേഗത്തില്‍ വളരുന്ന ഒരു പുതിയ മാതൃക കേരളത്തില്‍ സൃഷ്ടിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. ഇതോടൊപ്പം മതസൗഹാര്‍ദ്ദത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അഴിമതി തുടച്ചുനീക്കി സംശുദ്ധമായ പൊതുജീവിതം ഉറപ്പുവരുത്തും. ഇങ്ങനെയുള്ളൊരു നവീന കേരള സൃഷ്ടിക്കായുള്ള അഞ്ചുവര്‍ഷ കര്‍മ്മപരിപാടി താഴെ കൊടുക്കുന്നു :

എല്ലാവര്‍ക്കും ക്ഷേമം

ജനനം മുതല്‍ മരണം വരെ സാമൂഹ്യസുരക്ഷ

  1. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും സുപ്രധാന നേട്ടങ്ങളിലൊന്ന് വിവിധങ്ങളായ ക്ഷേമ സുരക്ഷാ പരിപാടികളെ സംയോജിപ്പിച്ച് സമഗ്ര സാമൂഹ്യസുരക്ഷ പദ്ധതിയ്ക്കു രൂപം നല്‍കി എന്നതാണ്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ജനനം മുതല്‍ മരണം വരെ കേരളത്തിലെ ഓരോ പൗരനും സുരക്ഷ ഉറപ്പുവരുത്താനുളള പരിപാടി നടപ്പാക്കും. താഴെ പറയുന്നവയാണ് ഇതില്‍ പ്രധാനപ്പെട്ട സ്‌ക്കീമുകള്‍.
    1. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ഒരു മാസത്തെ കൂലിയോടുകൂടിയുള്ള പ്രസവാവധി.
    2. എല്ലാ കുഞ്ഞുങ്ങളുടെ പേരിലും 10,000 രൂപയുടെ നിക്ഷേപം.
    3. എല്ലാ സ്‌ക്കൂള്‍ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം (പാഠപുസ്തകവും ഉച്ചഭക്ഷണവും യൂണിഫോമുമടക്കം)
    4. ആരോഗ്യ ഇന്‍ഷ്വറന്‍സ്
    5. വരുമാന - തൊഴിലുറപ്പു പദ്ധതികള്‍
    6. എല്ലാവര്‍ക്കും 2 രൂപയ്ക്ക് അരി
    7. 400 രൂപ വാര്‍ദ്ധക്യകാല പെന്‍ഷന്‍
  2. അഞ്ചുവര്‍ഷം കൊണ്ട് കൂലിയോടു കൂടിയുളള പ്രസവാവധി മൂന്നു മാസമായി ഉയര്‍ത്തും. വാര്‍ധക്യകാല/ക്ഷേമ പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തും. ക്ഷേമ പെന്‍ഷനുകള്‍ ഇല്ലാത്ത എല്ലാവര്‍ക്കും ഇതിന്റെ നാലിലൊന്നെങ്കിലും പെന്‍ഷന്‍ ഉറപ്പുവരുത്തും. കൂടുതല്‍ ഉയര്‍ന്ന ഇന്‍ഷ്വറന്‍സിനും പെന്‍ഷനും കൂടുതല്‍ പ്രീമിയമോ അംശദായമോ അടച്ച് അര്‍ഹത നേടുന്നതിന് വ്യക്തികള്‍ക്ക് അവസരം നല്‍കും. ക്ഷേമനിധിയിലെ അംഗങ്ങള്‍ക്കും ഇപ്രകാരം കൂടുതല്‍ ഉയര്‍ന്ന പ്രീമിയമോ അംശദായമോ അടയ്ക്കാവുന്നതാണ്.
  3. ക്ഷേമനിധികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ (സ്‌പെഷ്യല്‍ സ്‌ക്കൂളിലെ ജീവനക്കാരടക്കം) അടക്കം മുഴുവന്‍ തൊഴിലാളികള്‍ക്കും ക്ഷേമപദ്ധതിയും പെന്‍ഷനും ഉറപ്പുവരുത്തും. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തും.
  4. ഇഎംഎസ് പാര്‍പ്പിട പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ എല്ലാവര്‍ക്കും വീട് ഉറപ്പുവരുത്തും. ഇപ്പോള്‍ 100 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നേടിക്കഴിഞ്ഞു. അടുത്ത ആറുമാസം കൊണ്ട് എല്ലാ വീടുകളിലും വെളിച്ചമെത്തിക്കും. അഞ്ചുവര്‍ഷം കൊണ്ട് എല്ലാ വീട്ടിലും ശുദ്ധജലം ഉറപ്പുവരുത്തും.

പാവപ്പെട്ടവരെല്ലാം ബിപിഎല്‍

  1. കേന്ദ്രസര്‍ക്കാര്‍ 11.5 ലക്ഷം കുടുംബങ്ങളെ മാത്രമേ ബിപിഎല്‍ ആയി അംഗീകരിച്ചിട്ടുളളൂ. എന്നാല്‍ കേരള സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, പട്ടിക വിഭാഗങ്ങള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ എന്നിങ്ങനെ മുഴുവന്‍ സ്വയംതൊഴിലെടുക്കുന്നതോ കൂലിവേലക്കാരോ ആയ അസംഘടിത മേഖലയിലെ പാവപ്പെട്ടവരെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. അങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന 20 ലക്ഷം കുടുംബങ്ങളുടെ പേരുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടാതെ പോയിട്ടുളള അര്‍ഹരായവരെ ഇനിയും ഉള്‍പ്പെടുത്തുന്നതാണ്. അങ്ങനെ 35-40 ലക്ഷം കുടുംബങ്ങളെ ബിപിഎല്‍ കുടുംബങ്ങളായി സംസ്ഥാനം അംഗീകരിക്കും.

വിലക്കയറ്റത്തിനെതിരെ

  1. വിലക്കയറ്റത്തിനെതിരെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കുന്നതിനുവേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. കേരളത്തില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയും ശക്തിപ്പെടുത്തും.
  2. മണ്ണെണ്ണ, റേഷനു പകരം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സബ്‌സിഡി പണമായി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. വൈദ്യുതി ലഭ്യമായിട്ടുള്ള വീടുകള്‍ക്ക് ഇത് ലഭിക്കുകയുമില്ല. പ്രായോഗികമായി മണ്ണെണ്ണ റേഷന്‍ സംവിധാനം തന്നെ ഇല്ലാതാകുന്ന നിലയാണ് ഉണ്ടാവുക. ഈ നയത്തിനെതിരെ ശക്തമായ സമ്മര്‍ദ്ദം സംസ്ഥാന സര്‍ക്കാര്‍ നടത്തും.
  3. കമ്പോള വിലയെക്കാള്‍ 30-60 ശതമാനം വരെ താഴ്ന്ന വിലയ്ക്ക് മാവേലിസ്റ്റോറുകള്‍ വഴി പയറുകളും പലവ്യഞ്ജനങ്ങളുമുള്‍പ്പെടെ 13 ഇനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ആവശ്യമായ അളവില്‍ സാധനങ്ങള്‍ ലഭ്യമാകുന്നില്ല എന്ന വിമര്‍ശനമുണ്ട്. അവശ്യവസ്തുക്കളുടെ ലഭ്യതയില്‍ 50 ശതമാനമെങ്കിലും വര്‍ദ്ധന വരുത്തുന്നതാണ്. അവശ്യവസ്തുക്കള്‍ റേഷന്‍ കടകള്‍ വഴിയും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനുളള പരിപാടി നടപ്പാക്കും. റേഷന്‍ കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഫ്രാഞ്ചൈസി കടകളായി പ്രഖ്യാപിക്കും. ഈ കടകളിലൂടെ കാര്‍ഡ് ഒന്നിന് കമ്പോള വിലയ്ക്ക് 300 രൂപ വിലമതിക്കുന്ന വെളിച്ചെണ്ണ, പയര്‍, പരിപ്പ്, മുളക്, പഞ്ചസാര എന്നീ അഞ്ച് ഇനങ്ങളുടെ കിറ്റ് 150 രൂപയ്ക്കു ലഭ്യമാക്കും.
  4. 14,400ത്തില്‍ പരം റേഷന്‍ കടകളുടെ ബൃഹദ്ശൃംഖല കേരളത്തിലുണ്ട്. എന്നാല്‍ സാര്‍വത്രിക സ്റ്റാറ്റിയൂട്ടറി റേഷനിംഗ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ റേഷന്‍ കടകള്‍ പ്രതിസന്ധിയിലാണ്. റേഷന്‍ വ്യാപാരികള്‍ക്കുളള അരിയുടെയും ഗോതമ്പിന്റെയും കമ്മിഷന്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കും. മുഴുവന്‍ റേഷന്‍ കടകളും ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ സംവിധാനം എല്ലായിടത്തും ഏര്‍പ്പെടുത്തും.
  5. കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്ലൈകോയുടെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിലുള്ള ഉത്സവകാല ചന്തകള്‍ വിപുലപ്പെടുത്തുന്നതാണ്. പച്ചക്കറിയുടെ വില നിയന്ത്രിക്കുന്നതിനുവേണ്ടി ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്‍ തുടര്‍ച്ചയായി കമ്പോളത്തില്‍ ഇടപെടുന്നതാണ്. കൂടുതല്‍ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതാണ്.
  6. വെട്ടിക്കുറച്ച മണ്ണെണ്ണ ക്വാട്ട പുനഃസ്ഥാപിക്കാനുളള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ മാനിച്ചിട്ടില്ല. ഇതിനുവേണ്ടി ശക്തമായ പ്രക്ഷോഭം ഉയരേണ്ടതുണ്ട്. ഈ അന്തരാളഘട്ടത്തില്‍ മണ്ണെണ്ണയ്ക്ക് ലിറ്ററൊന്നിന് 20 രൂപ സബ്‌സിഡി നല്‍കും.

ദളിതരും ആദിവാസികളും മുഖ്യധാരയില്‍

  1. സാമൂഹ്യ പുരോഗതിക്കുള്ള മുഖ്യ ഇടപെടല്‍ വിദ്യാഭ്യാസമാണ്. കൂടുതല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കും. വിദ്യാഭ്യാസത്തിനായുളള അലവന്‍സുകളും സ്‌കോളര്‍ഷിപ്പുകളും ഗണ്യമായി ഇനിയും വര്‍ദ്ധിപ്പിക്കും. ഫിനിഷിംഗ് സ്‌കൂളുകള്‍ ആരംഭിക്കും.
  2. മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കൃഷിഭൂമി ലഭ്യമാക്കും. വന്‍കിട തോട്ടമുടമകളും ഭൂപ്രമാണിമാരും അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കും. കര്‍ഷക തൊഴിലാളികള്‍ക്കായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലേബര്‍ സൊസൈറ്റികള്‍ രൂപീകരിക്കും. ഈ ലേബര്‍ സൊസൈറ്റികള്‍ക്ക് പ്രവര്‍ത്തന മൂലധനം, ഓഫീസ് സംവിധാനം, കാര്‍ഷികോപകരണങ്ങള്‍, യന്ത്ര സാമഗ്രികള്‍ തുടങ്ങിയവ ലഭ്യമാക്കും. ഇതു വഴി പട്ടികവിഭാഗക്കാര്‍ ഭൂരിപക്ഷം വരുന്ന കാര്‍ഷിക കാര്‍ഷികേതര തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലും സാമൂഹ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പു വരുത്തും. നിര്‍മ്മാണ മേഖലയിലും ഇത്തരം സൊസൈറ്റികള്‍ ആരംഭിക്കും.
  3. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കുന്ന വിധം പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ പുനഃസംഘടന പൂര്‍ത്തിയാക്കും. പട്ടികജാതി-പട്ടികവര്‍ഗ സഹകരണ ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 538 പട്ടികജാതി സഹകരണ സംഘങ്ങളെയും 98 പട്ടികവര്‍ഗ സഹകരണ സംഘങ്ങളെയും പുനരുദ്ധരിക്കും.
  4. പട്ടികജാതി-പട്ടികവര്‍ഗ ലിസ്റ്റുകള്‍ പുതുക്കുന്നതും പരിഷ്‌കരിക്കുന്നതും കേന്ദ്രസര്‍ക്കാരാണ്. പാര്‍ലമെന്റ് അംഗീകരിക്കുന്ന മുറയ്ക്കാണ് ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തുന്നത്. കിര്‍ത്താഡ് നടത്തുന്ന നരവംശശാസ്ത്ര പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനുള്ള സമ്മര്‍ദ്ദം ചെലുത്തും. വടക്കേ മലബാറിലെ മൂവാരി-മുഖാരി സമുദായത്തെ കേരളത്തില്‍ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.
  5. മിശ്രവിവാഹ ദമ്പതികളില്‍ ഒരാള്‍ പട്ടികജാതിയായാല്‍ അവരുടെ കുട്ടികള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് ഉടന്‍ അംഗീകാരം നല്‍കുകയും ഇതു സംബന്ധിക്കുന്ന ഒരു കേന്ദ്ര നിയമം നിര്‍മ്മിച്ച് നടപ്പിലാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തും.
  6. എല്ലാ പട്ടികജാതി-പട്ടികവര്‍ഗ സങ്കേതങ്ങളിലും അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കും. ഇതിന്റെ ഭാഗമായി കുടിവെള്ളം, വൈദ്യുതി, റോഡ്, വിദ്യാഭ്യാസം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തും.
  7. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ വര്‍ഷവും നടപ്പാക്കുന്ന വിവിധങ്ങളായ സ്‌കീമുകളുടെ അവലോകനം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും.

പരിവര്‍ത്തിത ക്രിസ്ത്യാനികള്‍

  1. ദളിത് ക്രൈസ്തവര്‍ക്കുളള കൃഷിഭൂമി വായ്പ, സ്വയം തൊഴില്‍ വായ്പ, വിവാഹവായ്പ, മിശ്രവിവാഹിതര്‍ക്കുളള ധനസഹായം എന്നിവയുടെ പലിശയും ആനുകൂല്യങ്ങളും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റേതിനു തുല്യമാക്കും. ഇതിനായി കൂടുതല്‍ പണം പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന് അനുവദിക്കും. ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ എല്ലാ ആനുകൂല്യങ്ങളും നല്‍കും.

പിന്നോക്ക സമുദായം

  1. പിന്നോക്ക സമുദായ വികസന കോര്‍പറേഷന് കൂടുതല്‍ പണം ലഭ്യമാക്കുന്നതാണ്. കുമാരപിളള കമ്മിഷന്‍ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സഹായം വര്‍ദ്ധിപ്പിക്കുന്നതാണ്. കാസര്‍ഗോഡ് തുളു ക്രിസ്ത്യാനികളുടെ അവശതകള്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പിന്നോക്ക ക്ഷേമവകുപ്പ് രൂപീകരിക്കും.

ന്യൂനപക്ഷം

  1. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായുള്ള പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കും. ഹജ്ജ് കമ്മിറ്റിയ്ക്ക് സ്ഥിരം ഗ്രാന്റ് അനുവദിക്കും. വഖഫ് ബോര്‍ഡിനുളള ധനസഹായം വര്‍ദ്ധിപ്പിക്കും.

സ്ത്രീ തുല്യതയ്ക്കുവേണ്ടി

  1. കേരളത്തിന്റെ വികസനത്തില്‍ സ്ത്രീകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് തിരുത്തുന്നതിനുള്ള പരിശ്രമം മുന്നോട്ട് കൊണ്ടുപോകും. യുഡിഎഫ് ഭരണകാലത്ത് പദ്ധതിയുടെ അഞ്ചുശതമാനത്തില്‍ താഴെയാണ് സ്ത്രീകള്‍ ഗുണഭോക്താക്കളായുളള സ്‌കീമുകള്‍ക്ക് അനുവദിച്ചിരുന്നത്. 2011-12 ലെ ബജറ്റില്‍ ഇത് 9.4 ശതമാനമായി ഉയര്‍ത്തി. ഇന്ത്യയില്‍ ആദ്യമായി സംസ്ഥാനതലത്തില്‍ ജെന്‍ഡര്‍ ബജറ്റിംഗ് കേരളത്തിലാണ് നടപ്പിലാക്കിയത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 7500 കോടി രൂപ സ്ത്രീകള്‍ ഉപഭോക്താക്കളായുള്ള സ്‌കീമുകള്‍ക്കായി ചെലവഴിക്കും.
  2. വനിതാ അടങ്കലില്‍ 1000 കോടി രൂപ കുടുംബശ്രീ വഴിയായിരിക്കും ചെലവഴിക്കുക. അഞ്ചുലക്ഷം സ്ത്രീകള്‍ക്ക് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളില്‍ തൊഴില്‍ നല്‍കുന്നതിനുള്ള സ്‌കീം കുടുംബശ്രീ വഴി നടപ്പാക്കും. നാലു ശതമാനം പലിശയ്ക്കുളള ബാങ്ക് ലിങ്കേജ് പദ്ധതി സാര്‍വത്രികമാക്കും. പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കു കീഴില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ വിപുലമായ തോതിലാരംഭിക്കും. നാഷണല്‍ ലൈവ്‌ലിഹുഡ് മിഷന്റെ നോഡല്‍ ഏജന്‍സി കുടുംബശ്രീ ആയിരിക്കും. ഈ സ്ഥാനം ജനശ്രീയ്ക്ക് നല്‍കുന്നതിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സ്വയംസഹായസംഘാംഗങ്ങളുടെ ആത്മഹത്യയിലൂടെ കുപ്രസിദ്ധമായ ആന്ധ്രയിലെ മൈക്രോ ഫിനാന്‍സ് ബ്ലേഡ് കമ്പനികള്‍ പോലുളള ഒന്നായി ജനശ്രീ അതിവേഗം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്.
  3. എല്ലാ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കു പ്രത്യേക മൂത്രപ്പുര നിര്‍മ്മിക്കും. വനിതാ ഹോസ്റ്റലുകള്‍ എല്ലാ നഗരങ്ങളിലും സ്ഥാപിക്കും. സ്ത്രീകള്‍ക്കായുളള പ്രത്യേക തൊഴില്‍പരിശീലന സ്ഥാപനങ്ങള്‍ വ്യാപകമാക്കും. വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് സ്വയംതൊഴിലിന് കൂടുതല്‍ പണമനുവദിക്കും. വിധവകള്‍ക്ക് ജോലിക്കുള്ള പ്രായപരിധിയില്‍ ഇളവു വരുത്തും.
  4. തന്റേടം ജെന്‍ഡര്‍ പാര്‍ക്കുകള്‍ ആരംഭിക്കും. സാംസ്‌കാരിക സേവനമേഖലകളിലെ സ്ത്രീ സംരംഭകര്‍ക്കുളള കെട്ടിട സൗകര്യങ്ങളും പഠന കേന്ദ്രവും ലൈബ്രറിയും ഗസ്റ്റ് ഹൗസ് തുടങ്ങിയവയെല്ലാമടങ്ങുന്നതായിരിക്കും ഈ പാര്‍ക്ക്.
  5. വനിതാ കമ്മിഷന്‍, വനിതാ വികസന കോര്‍പറേഷന്‍, ഗാര്‍ഹിക പീഡന നിയമത്തിന്റെ നടത്തിപ്പ് എന്നിവ ശക്തിപ്പെടുത്തും. സ്വതന്ത്രമായ വനിതാവികസന വകുപ്പ് രൂപീകരിക്കും.

തീരദേശത്തിന് പാക്കേജ്

  1. തീരദേശത്തിനുവേണ്ടി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉണ്ടാക്കും. ഇതിനുള്ള സ്‌കീം തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. കേന്ദ്ര-സംസ്ഥാന പ്രാദേശിക സര്‍ക്കാരുകള്‍ സംയുക്തമായി ഇവ നടപ്പിലാക്കും. ഇതിന് രണ്ട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത്, തീരദേശ പശ്ചാത്തല സൗകര്യ വികസനമാണ്. 1500 കോടി രൂപ ചെലവ് വരുന്ന തീരദേശ ഹൈവേ സമഗ്ര റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. ഇതിനു പുറമെ, 30 കിലോമീറ്ററിന് ഒന്ന് എന്ന തോതില്‍ ഫിഷിംഗ് ഹാര്‍ബര്‍ ഉണ്ടാക്കും. രണ്ടാമത്തെ ഘടകം മാതൃകാ മത്സ്യഗ്രാമം പരിപാടിയാണ്. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമങ്ങളിലും പാര്‍പ്പിടം, കക്കൂസ്, കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കും. മുഴുവന്‍ കുട്ടികള്‍ക്കും 12-ാം തരംവരെ വിദ്യാഭ്യാസം ഉറപ്പുവരുത്തും. സംസ്ഥാന ശരാശരിയെക്കാള്‍ ഉയര്‍ന്ന വിജയശതമാനം ഉറപ്പാക്കും. സംസ്ഥാന ശരാശരിയെക്കാള്‍ ശിശുമരണ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കും. ക്ഷേമനിധി അംഗത്വവും ഇന്‍ഷ്വറന്‍സും എല്ലാവര്‍ക്കും ഉറപ്പുവരുത്തും. വായനശാലയും ക്ലബ്ബും എല്ലാ വാര്‍ഡുകളിലും ആരംഭിക്കും. ഇപ്രകാരം കൃത്യമായി മോണിറ്ററിംഗ് ചെയ്യാവുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മാതൃകാ ഗ്രാമങ്ങളെ പ്രഖ്യാപിക്കുക. ഗ്രാമം ഒന്നിന് ശരാശരി 20 കോടി രൂപ ചെലവുവരും.
  2. മത്സ്യത്തൊഴിലാളി മേഖലയില്‍ ഇന്ന് നല്‍കിക്കൊണ്ടിരിക്കുന്ന ക്ഷേമ ആനുകൂല്യങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. പഞ്ഞമാസ സമാശ്വാസപദ്ധതി അനുബന്ധ തൊഴിലാളികളിലേക്ക് വ്യാപിപ്പിക്കുകയും ആനുകൂല്യം 1800 രൂപയില്‍നിന്ന് 3600 രൂപയായി ഉയര്‍ത്തുകയും ചെയ്യും. ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷകമാക്കും. ന്യായവിലയ്ക്ക് മണ്ണെണ്ണ ലഭ്യമാക്കാന്‍ മണ്ണെണ്ണ ഇറക്കുമതി ചെയ്യും.
  3. അക്വേറിയന്‍ റിഫോംസ് നിയമം പാസ്സാക്കും. തൊഴില്‍ വൈവിധ്യവല്‍ക്കരണ സ്‌കീമുകള്‍ ശക്തിപ്പെടുത്തും.

വികലാംഗരും അശരണരും

  1. ഈ വിഭാഗത്തില്‍പ്പെടുന്നവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പരിരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഇവര്‍ക്കുള്ള ധനസഹായങ്ങള്‍ ഉയര്‍ത്തും. ശയ്യാവലംബരായ രോഗികളുടെയും മാനസിക രോഗികളുടെയും ശുശ്രൂഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും. എല്ലാ സ്‌പെഷ്യല്‍ സ്‌കൂളുകളും കേന്ദ്ര നിരക്കില്‍ ധനസഹായം നല്‍കും. വികലാംഗ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. എല്ലാ പഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കും.
  2. എല്ലാ അനാഥാലയങ്ങള്‍ക്കും ധനസഹായം നല്‍കും; ധനസഹായം വര്‍ദ്ധിപ്പിക്കും.
  3. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള പാക്കേജ് പൂര്‍ണ്ണമായും നടപ്പാക്കും. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കും. സാന്ത്വന ചികിത്സ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കും.

പ്രവാസിക്ഷേമം

  1. കേരള സമ്പദ്ഘടനയുടെ ശക്തി സ്രോതസ്സാണ് പ്രവാസികള്‍. എന്നാല്‍, ഇവരുടെ സുരക്ഷിതത്വം സംസ്ഥാനത്തിന്റെ വികസനപ്രക്രിയയില്‍ ഉള്‍ച്ചേര്‍ക്കാന്‍ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പ്രവാസികളുടെ സമ്പാദ്യം കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി രൂപീകരിച്ച ഇന്‍കെല്‍, അല്‍ബരാക് തുടങ്ങിയ സ്ഥാപനങ്ങളുടെ അനുഭവങ്ങള്‍ പരിശോധിച്ച് ഇത്തരം സംരംഭങ്ങള്‍ വിപുലപ്പെടുത്തും. പ്രവാസി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിക്കും. വിദ്യാഭ്യാസം, ആശുപത്രി, വ്യവസായ സ്ഥാപനങ്ങള്‍, ഭവന നിര്‍മ്മാണ മേഖലയിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. പ്രവാസി പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കും.
  2. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രവാസി ക്ഷേമത്തിനായി ഒരു സ്‌കീമും ആരംഭിക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള ക്ഷേമനിധി വഴി ആകര്‍ഷകമായ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. വിമാന സര്‍വീസിന്റെ ചാര്‍ജ്ജ് ഭീമമായി ഉയര്‍ത്തുന്ന നടപടി അവസാനിപ്പിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടാകും. ഗള്‍ഫ് സര്‍വ്വീസുകളില്‍ ടാക്‌സ് ഏര്‍പ്പെടുത്താതിരിക്കുന്നതിനുള്ള സമ്മര്‍ദ്ദം ചെലുത്തും. കൊച്ചിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഗള്‍ഫ് മലയാളികളെ ലക്ഷ്യമിട്ട് മുന്നോട്ടുവച്ച ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ തുടങ്ങുവാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും.
  3. കുടിയേറ്റ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനുള്ള സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തും. താഴ്ന്നവരുമാനക്കാരായ തൊഴിലാളികളുടെയും സ്ത്രീ തൊഴിലാളികളുടെയും അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് സമഗ്രമായ നിയമം ആവിഷ്‌കരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിക്കാന്‍ പോകുന്ന ലീഗല്‍ സെല്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ജയിലുകളില്‍ കഴിയുന്നവരെ നാട്ടിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനുളള സാധ്യമായ നടപടികള്‍ സ്വീകരിക്കും. ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തും.

യുവജനക്ഷേമം

  1. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിക്കപ്പെട്ട യൂത്ത് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലുകള്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, യൂത്ത് സെന്ററുകള്‍ എന്നീ സംവിധാനങ്ങളെ കൂടുതല്‍ ശക്തമാക്കും. ജില്ലാടിസ്ഥാനത്തില്‍ വികസനരംഗത്തെ യൂവജനകൂട്ടായ്മ ഉറപ്പുവരുത്തുന്നതിനായി കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കും.
  2. സ്‌പോര്‍ട്‌സ് കൗണ്‍സില്‍-യുവജനക്ഷേമബോര്‍ഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. തൊഴില്‍വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സാസ്‌കാരിക വകുപ്പ്, സാമൂഹ്യക്ഷേമവകുപ്പ് എന്നിവയുമായും യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരും. കേരള യൂത്ത്‌ഫോറത്തെ, കേരള യുവത്വത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലായി വിപുലീകരിക്കും.
  3. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളെ അടിമുടി പുനസംഘടിപ്പിക്കും. എല്ലാതരം തൊഴിലവസരങ്ങളെയും (സ്വകാര്യമേഖല ഉള്‍പ്പെടെ) വിദ്യാഭ്യാസ അവസരങ്ങളെയും ഏകോപിപ്പിക്കുന്ന കരുത്തുറ്റ സംവിധാനമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ മാറ്റും.
  4. യുവജനശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കും. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലാത്ത ഇത്തരം എല്ലാ പരിശീലപദ്ധതികളെയും ഏകോപിപ്പിക്കാനും നേതൃത്വം കൊടുക്കാനും നോര്‍ക്കയുമായി ചേര്‍ന്ന്, പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ വിപുലീകരിക്കാനും യുവജനക്ഷേമബോര്‍ഡിന് അവസരമൊരുക്കും.

കൃഷിയും ഭക്ഷ്യസുരക്ഷയും

അരിശ്രീ പദ്ധതി

  1. നെല്‍കൃഷി പദ്ധതിക്കായി 'അരിശ്രീ' എന്നൊരു സമഗ്ര സ്‌കീമിന് രൂപം നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മധ്യസ്ഥതയില്‍ തരിശിടുന്ന ഭൂമി കൃഷി ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. ഇവിടെ കൃഷി ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്കും സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും പലിശരഹിത വായ്പയും വിള ഇന്‍ഷ്വറന്‍സും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രൂപ്പ് ഫാമുകള്‍, ലേബര്‍ ബാങ്കുകള്‍, പാടശേഖര സമിതികള്‍, ഗാലസ, സ്വാശ്രയ സംഘങ്ങള്‍ എന്നിവയുടെയെല്ലാം ആഭിമുഖ്യത്തിലുള്ള ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. കര്‍ഷകത്തൊഴിലാളികള്‍ക്ക് വിദഗ്ദ്ധ പരിശീലനവും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കി ഗ്രീന്‍ ആര്‍മി എല്ലാ ബ്ലോക്കിലും രൂപീകരിക്കും. കാര്‍ഷിക മേഖലയില്‍ തൊഴിലാളികളെ ലഭ്യമല്ലാത്ത ഇടങ്ങളില്‍ അനുയോജ്യമായ തലത്തിലുള്ള യന്ത്രവല്‍ക്കരണ പരിപാടികള്‍ കൊണ്ടുവരുന്നതിനുള്ള സംവിധാനം ഉണ്ടാക്കും.
  2. നെല്‍വയല്‍ വിസ്തൃതി ഓരോ വര്‍ഷവും ആയിരം ഹെക്ടര്‍ വീതം വര്‍ദ്ധിപ്പിക്കും. നെല്ലിന്റെ സംഭരണം എല്ലാ ജില്ലകളിലേയും സഹകരണ സംഘങ്ങള്‍ വഴി വ്യാപിപ്പിക്കുന്ന പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കും. പ്രതിവര്‍ഷം ഒരു രൂപ വീതം നെല്ലിന്റെ സംഭരണവില ഉയര്‍ത്തും.
  3. നടീല്‍ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സീഡ് ഫാമുകളും കൃഷിക്കാരും ഇതര ഏജന്‍സികളും ചേര്‍ന്നുള്ള സംയോജിത പ്രവര്‍ത്തനം നടപ്പിലാക്കും.

പച്ചക്കറിയില്‍ സ്വയംപര്യാപ്തത

  1. പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടിയെടുക്കും. വയലുകളില്‍ തുടര്‍വിളയായും തെങ്ങിന്‍തോപ്പുകളിലും മറ്റും ഇടവിളയായി പച്ചക്കറികൃഷിക്ക് പ്രോത്സാഹനം നല്‍കി കൃഷി ആദായകരമാക്കാന്‍ നടപടി കൈക്കൊള്ളും. പുരയിടകൃഷിയുടെ ഭാഗമായി ഔഷധ കൃഷി പ്രോത്സാഹിപ്പിക്കും. കൂണ്‍ കൃഷി, പുഷ്പ കൃഷി എന്നിവ വ്യാപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും പച്ചക്കറികളും പഴവര്‍ഗങ്ങളും കയറ്റി അയയ്ക്കുന്നത് വര്‍ദ്ധിപ്പിക്കും.
  2. കൃഷിക്കാരനേയും കൃഷിഭൂമിയേയും കേന്ദ്രസ്ഥാനത്ത് നിര്‍ത്തികൊണ്ട് ജലസേചന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കും. ചെറുകിട പദ്ധതികളും പ്രിസിഷന്‍ ഫാമിംഗ് പോലുള്ള സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കും. മണ്ണ് പരിശോധന ശക്തിപ്പെടുത്തി മണ്ണ് അറിഞ്ഞുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്ന സമ്പ്രദായം കൊണ്ട് വരും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടേയും കര്‍ഷക സംഘടനകളുടേയും കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കും.
  3. കൃഷിഭവനുകളിലെ അഗ്രോ ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ കലണ്ടര്‍ തയ്യാറാക്കുകയും അഗ്രോ ക്ലിനിക്കുകള്‍ ആഴ്ചയില്‍ ഒരു ദിവസം എന്ന നിലയില്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. കര്‍ഷകരെ വിളിച്ചുചേര്‍ത്തുകൊണ്ടുളള വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
  4. കൃഷിക്കാരുടെയും കര്‍ഷകതൊഴിലാളി സംഘടനകളുടെയും മറ്റു ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നീര്‍ത്തട വികസന പരിപാടി കൂടുതല്‍ വിപുലമാക്കും. നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കും. ഉപഗ്രഹ സംവിധാനത്തെക്കൂടി ഉപയോഗപ്പെടുത്തി ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ ശാസ്ത്രീയമാക്കും.
  5. കര്‍ഷക പെന്‍ഷന്‍ സമഗ്രപദ്ധതിയായി വികസിപ്പിക്കും. കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പ്രോത്സാഹനമായി പലിശ സബ്‌സിഡി അനുവദിക്കും.

പാലിലും മുട്ടയിലും സ്വയംപര്യാപ്തത

  1. പാലിന്റെ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കും. കന്നുകുട്ടി പരിപാലന പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി എല്ലാ കൃഷിക്കാര്‍ക്കും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
  2. നെല്ലിന്റെ വിളവെടുപ്പ് കാലത്ത് വയ്‌ക്കോല്‍ സംഭരിച്ച് പെല്ലറ്റുകള്‍ ഉണ്ടാക്കി സൂക്ഷിച്ച് കൃഷിക്കാര്‍ക്ക് വിതരണം ചെയ്യുന്ന പരിപാടി കൂടുതല്‍ ശക്തിപ്പെടുത്തും. തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കും. നിലവിലുളള കാലിത്തീറ്റാ ഫാക്ടറികളുടെ ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കും.
  3. രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ മരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും ഉയര്‍ന്ന വില കുറയ്ക്കുന്നതിനും ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനായി പുതിയൊരു ഫാക്ടറി സ്ഥാപിക്കുന്നതാണ്. കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തും.
  4. വീട്ടുവളപ്പിലെ ചെറുകിട-ഇടത്തരം കൃഷിക്കാരുടെ കന്നുകാലി വളര്‍ത്തലിനോടൊപ്പം സാധ്യതയുളള ഇടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തിലുളള കന്നുകാലി വളര്‍ത്തലും പ്രോത്സാഹിപ്പിക്കുന്നതാണ്.
  5. പരമാവധി കോഴികുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുകയും മുട്ടയും ഇറച്ചിയും കൃഷിക്കാരില്‍ നിന്ന് ശേഖരിച്ച് സംഘടിതമായി വിതരണം ചെയ്യുന്നതിനുള്ള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ആട്, പന്നി, മുയര്‍, കാട തുടങ്ങിയവ വളര്‍ത്തുന്നതിന് അയല്‍ക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കും.
  6. എല്ലാ അറവുശാലകളിലും ആരോഗ്യ, ശുചിത്വ സംവിധാനങ്ങളും ശാസ്ത്രീയ സംസ്‌കരണത്തിനുള്ള സംവിധാനങ്ങളും ഉറപ്പുവരുത്തുകയും ഗുണമേന്മയുളള മാംസം ലഭ്യമാക്കുകയും ചെയ്യും.

നാണ്യവിളകള്‍ക്ക് ഇറക്കുമതി ഭീഷണി

  1. ലോകവ്യാപാര കരാര്‍ ഒപ്പിട്ടതിനു ശേഷമുളള ഏതാനും വര്‍ഷങ്ങള്‍ നാണ്യവിളകള്‍ക്കു നല്ല വില കിട്ടിയതു പോലെ ആസിയാന്‍ കരാറിനു ശേഷം ഇപ്പോള്‍ താരതമ്യനെ മെച്ചപ്പെട്ട വിലയുണ്ട്. ഇതു ചൂണ്ടിക്കാണിച്ച് ആസിയന്‍ കരാര്‍ കേരളത്തിനു ഗുണകരമാണെന്ന് വാദിക്കുകയാണ് യുഡിഎഫ്. യുഡിഎഫ് ഭരണകാലത്ത് വിലത്തകര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ എണ്ണം അവര്‍ വിസ്മരിച്ചു കഴിഞ്ഞു. കാര്‍ഷിക മേഖലയുടെ സ്വതന്ത്രവ്യാപാര നയത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായി എതിര്‍ക്കും. നാണ്യവിളകള്‍ക്ക് വിലസ്ഥിരതാ ഫണ്ടും ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തും. ഓരോ നാണ്യവിളകളുടെയും ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതിന് പാക്കേജുകള്‍ തയ്യാറാക്കും. അവ നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിള ബോര്‍ഡുകള്‍ക്കു മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും.
  2. ജൈവ സാങ്കേതികവിദ്യ സംബന്ധിച്ചുളള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും കൃഷി സമ്പ്രദായങ്ങളെ ആധൂനീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അതോടൊപ്പംതന്നെ ജൈവ കൃഷി സമ്പ്രദായങ്ങളേയും പദ്ധതികളേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. റീപ്ലാന്റിംഗിന് സമയബന്ധിത പരിപാടി തയ്യാറാക്കും. രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ വളര്‍ത്തുന്ന പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പാമോയിലിന് നല്‍കുന്ന 15 രൂപ സബ്‌സിഡി വെളിച്ചെണ്ണയ്ക്കും നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
  3. മലയോര കര്‍ഷകര്‍ക്ക് 28558 ഹെക്ടര്‍ ഭൂമിക്ക് പട്ടയവിതരണം നടത്തിയിട്ടുണ്ട്. അവശേഷിക്കുന്നവരുടെ കൈമാറ്റാവകാശത്തോടെയുള്ള പട്ടയവിതരണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും. ഒരുവര്‍ഷത്തിനുളളില്‍ ഈ നടപടി പൂര്‍ത്തിയാക്കും. വന്യമൃഗ ഭീഷണിക്കെതിരെ ഇലക്ട്രിക് ഫെന്‍സിംഗ് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കും.
  4. കാര്‍ഷികോല്‍പന്നങ്ങള്‍ കേടുകൂടാതെ സംഭരിക്കുന്നതിനും സംസ്‌കരണ വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും കോള്‍ഡ് ചെയിന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. മൂല്യവര്‍ദ്ധിത കാര്‍ഷിക സംസ്‌ക്കരണ വ്യവസായങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും. അച്ചാര്‍, സ്‌ക്വാഷ്, ജ്യൂസ്, ജാം തുടങ്ങിയ ഫല പച്ചക്കറി സംസ്‌ക്കരണ വ്യവസായങ്ങള്‍ക്ക് പ്രത്യേക സബ്‌സിഡി അനുവദിക്കും.
  5. അടഞ്ഞുകിടന്ന 20 തോട്ടങ്ങള്‍ തുറന്നു. ഇപ്പോഴും അടഞ്ഞുകിടക്കുന്ന രണ്ടെണ്ണം ഏറ്റെടുക്കാനുള്ള നിയമം കൊണ്ടുവരും. തോട്ടം മേഖല സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

പരമ്പരാഗത വ്യവസായങ്ങള്‍

  1. പരമ്പരാഗത വ്യവസായങ്ങളില്‍ പണി കിട്ടിയാലും തൊഴിലുറപ്പു പദ്ധതിയിലെ കൂലി ലഭിക്കുന്നില്ല എന്നതാണ് പരാതി. മിനിമം കൂലി ഉറപ്പുവരുത്തുന്നതിനായി വരുമാന ഉറപ്പ് പദ്ധതിയെ വിപുലപ്പെടുത്തും.

കയര്‍

  1. കയര്‍ വ്യവസായത്തെക്കുറിച്ചു സമഗ്രമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കയര്‍ കമ്മിഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് പൊതുവില്‍ ഒരഭിപ്രായ സമന്വയം ഉണ്ടായിട്ടുണ്ട്. ഇവ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സഹകരണ മേഖലയുടെ പുനഃസംഘാടനം പൂര്‍ത്തീകരിക്കും.
  2. കയര്‍ ജിയോടെക്‌സ്റ്റെയിലിനെ ഒരു നിര്‍മാണസാമഗ്രിയായി പൊതുമരാമത്ത് മാന്വലില്‍ അംഗീകരിക്കും. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ അടക്കം കയര്‍പിരി യന്ത്രങ്ങള്‍ക്കായി നടക്കുന്ന ഗവേഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കും. വാണിജ്യാടിസ്ഥാനത്തില്‍ ആലപ്പുഴയിലെ പുതിയ യന്ത്രനിര്‍മ്മാണ ഫാക്ടറിയില്‍ കയര്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കും. പരമ്പരാഗത കയര്‍മേഖലയ്ക്ക് പുറത്ത് പച്ചത്തൊണ്ട് സംസ്‌കരണ മില്ലുകള്‍ സ്ഥാപിക്കുകയും അവയ്ക്ക് തൊണ്ട് ലഭ്യമാക്കുന്നതിന് പ്രാദേശിക സംഭരണ സംവിധാനത്തിന് രൂപംനല്‍കുകയും ചെയ്യും.
  3. കയറുല്‍പ്പന്ന മേഖലയില്‍ ഉല്‍പ്പാദകര്‍ക്ക് ഡിപ്പോ സമ്പ്രദായത്തിനു പകരം അംഗീകൃത വില ഉറപ്പുവരുത്തിക്കൊണ്ടുള്ള കയര്‍ കോര്‍പ്പറേഷന്റെ സംഭരണ പരിപാടി വിപുലീകരിക്കും. കയര്‍ഫെഡും ചെറുകിട ഉല്‍പ്പാദകരില്‍നിന്ന് കയര്‍ സംഭരിക്കുന്നതാണ്.

കശുവണ്ടി

  1. കശുവണ്ടി കോര്‍പ്പറേഷനും കാപ്പെക്‌സും ബാങ്കുകള്‍ക്ക് നല്‍കാനുള്ള 100 കോടിയില്‍പ്പരം രൂപയുടെ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കും. ഫാക്ടറികളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്തും. ഇതുവഴി ആഭ്യന്തര കമ്പോളത്തില്‍ ശക്തമായി ഇടപെടാന്‍ കഴിയും.
  2. കശുമാങ്ങയുടെയും കശുവണ്ടി തോടിന്റെയും ഉപയോഗം വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കശുമാവ് കൃഷിക്കുള്ള സ്‌കീം തരിശുഭൂമിയിലും തെങ്ങിന് ഇടവിളയായും സമയബന്ധിതമായി പൂര്‍ത്തിയാക്കും.
  3. കാഷ്യൂ ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

കൈത്തറി

  1. കണ്ണൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കും. കൈത്തറിയുടെ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിനും ഉല്‍പ്പാദന പ്രക്രിയയുടെ ആധുനികവല്‍ക്കരണത്തിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തും.
  2. നൂലിന്റെ അമിതമായ വിലക്കയറ്റമാണ് കൈത്തറി മേഖല നേരിടുന്ന മറ്റൊരു മുഖ്യപ്രശ്‌നം. അസംസ്‌കൃത വസ്തുവായ കഴിനൂലിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകളോടനുബന്ധിച്ച് കഴിനൂല്‍ നിര്‍മാണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കുകയുണ്ടായി. നൂല് സംസ്‌കരിക്കുന്നതിനും ചായം മുക്കുന്നതിനും ഒരു നൂല് സംസ്‌കരണശാല ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
  3. സഹകരണസംഘങ്ങളുടെ പുന:സംഘടനയ്ക്കു കൂടുതല്‍ പണം ലഭ്യമാക്കും. അതോടൊപ്പം തന്നെ ബിനാമി സംഘങ്ങളെ നീക്കം ചെയ്യുന്നതിനുളള നടപടികളും ത്വരിതപ്പെടുത്തും. ഹാന്‍ടെക്‌സിന്റെയും ഹാന്‍വീവിന്റെയും പുന:സംഘടന പൂര്‍ത്തിയാക്കും. ഇവ സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ആറുമാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കും.

കളിമണ്‍ വ്യവസായങ്ങള്‍

  1. കളിമണ്‍ വ്യവസായത്തിന് ഡാമുകളിലെയും മറ്റും ചെളി നീക്കം ചെയ്യുന്നത് സഹായവിലയ്ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.
  2. ആധുനിക കാലത്തെ കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വസ്തുക്കള്‍ നിര്‍മിച്ചും ആധുനികീകരിച്ചും ഓട് വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള പ്രോത്സാഹനം നല്‍കും. മണ്ണുകൊണ്ടുളള അലങ്കാര വസ്തു നിര്‍മ്മാണത്തിനു കൂടി ഊന്നല്‍ നല്‍കികൊണ്ട് മണ്‍പാത്ര നിര്‍മ്മാണ വ്യവസായത്തെ വൈവിദ്ധ്യവത്കരിക്കും.

മുള വ്യവസായം

  1. മുളയുടെ മേഖലയില്‍ ക്ലസ്റ്റര്‍ മാതൃകയില്‍ ഉല്‍പാദക യൂണിറ്റുകളെ സംഘടിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മുളങ്കാടുകളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുളള യന്ത്രവല്‍കൃത കമ്മ്യൂണിറ്റി മാറ്റ് വീവിങ് സെന്ററുകള്‍, ഫ്‌ളാറ്റന്‍ഡ് ബാംബൂ ബോര്‍ഡ് എന്നിവയുടെ യൂണിറ്റുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കും.

കരകൗശലം

  1. കൊല്ലം ജില്ലയില്‍ ഉമയനല്ലൂര്‍, കോഴിക്കോട് നടുവണ്ണൂര്‍ എന്നീ സ്ഥലങ്ങളിലെ കരകൗകല പരിശീലന കേന്ദ്രങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.
  2. കരകൗശല ഉല്‍പാദന പ്രക്രിയയില്‍ തനതായ പാരമ്പര്യം നിലനിര്‍ത്തിത്തന്നെ യന്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കും. ഹാന്റിക്രാഫ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ റോ മെറ്റീരിയല്‍ ബാങ്കിന്റെ പ്രവര്‍ത്തനം ശക്തിപ്പെടും. ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കും.

ബീഡി

  1. ദിനേശ്ബീഡി സഹകരണ സംഘത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക റിട്ടയര്‍മെന്റ് പദ്ധതി സ്വകാര്യമേഖലയിലേക്കും കൂടി വ്യാപിപ്പിക്കും. ദിനേശ്ബീഡി സഹകരണസംഘത്തിന്റെ വൈവിധ്യവല്‍ക്കരണത്തിന് പ്രത്യേക ധനസഹായം നല്‍കും.

ചെത്ത്

  1. ചെത്ത് വ്യവസായത്തെ പുനഃസംഘടിപ്പിക്കും. ചെത്ത് മേഖലയില്‍ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കും. സഹകരണാടിസ്ഥാനത്തില്‍ നീര ഉല്‍പ്പാദിപ്പിക്കും. വ്യാജക്കള്ളിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. കള്ളുഷാപ്പുകളുടെ നവീകരണത്തിന് ഒരു പ്രത്യേക സ്‌കീമിന് രൂപം നല്‍കുന്നതാണ്.

ഖാദി ഗ്രാമവ്യവസായങ്ങള്‍

  1. 76. ഗ്രാമവ്യവസായത്തില്‍ വ്യക്തിഗത വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍/എഴുതി തള്ളല്‍, സംഘങ്ങളെ സജീവമാക്കി പുനരുദ്ധരിക്കല്‍ എന്നിവ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കണ്‍സോര്‍ഷ്യം പദ്ധതിയിലൂടെ വായ്പയെടുത്ത് റിക്കവറി നേരിടുന്നവര്‍ക്കും സമഗ്രമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പിലാക്കും. ഖാദി ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭ്യമാക്കും. ഇവയുടെ ഉല്‍പ്പന്നങ്ങളെ പൂര്‍ണ്ണമായും വാറ്റ് നികുതിയില്‍ നിന്നും ഒഴിവാക്കും.

വാണിജ്യം

  1. ചില്ലറ വ്യാപാരരംഗം വിദേശ-നാടന്‍ കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്ന യു.പി.എ ഗവണ്‍മെന്റിന്റെ നയം ഉയര്‍ത്തുന്ന ഭീഷണിയില്‍നിന്ന് വ്യാപാരികളെ രക്ഷിക്കുന്നതിനായി താഴെ പറയുന്ന നടപടികള്‍ കൈക്കൊള്ളും. വാണിജ്യമിഷന്‍ രൂപീകരിക്കും. ഈ മേഖലയിലെ സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായിട്ടായിരിക്കും വാണിജ്യമിഷന്‍ പ്രവര്‍ത്തിക്കുക. 2020-നകം കൈവരിക്കേണ്ട കൃത്യമായ ലക്ഷ്യങ്ങളും ഒരു റീട്ടെയില്‍ നയവും പ്രഖ്യാപിക്കും. ഈ നയത്തില്‍ പശ്ചാത്തല സൗകര്യം, പരിസ്ഥിതി, പ്രോത്സാഹനങ്ങള്‍, സോണിംഗ്, ക്ലസ്റ്റര്‍, തെരുവോരക്കച്ചവടക്കാര്‍, വഴിയോര സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം സംബന്ധിച്ചുളള നയങ്ങള്‍ ഉള്‍ക്കൊള്ളണം. വാണിജ്യവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഏകോപിപ്പിക്കുക വാണിജ്യമിഷനായിരിക്കും.
  2. കേരള റീട്ടെയില്‍ എന്നൊരു പുതിയ ബ്രാന്‍ഡ് സൃഷ്ടിക്കും. ഇതിനാവശ്യമായ പ്രചാരണം ടൂറിസവുമായി ബന്ധപ്പെടുത്തി നടത്തും. കേരളത്തിലെ വാണിജ്യമേഖലയെക്കുറിച്ച് ആകര്‍ഷകമായ പ്രതിഛായ സൃഷ്ടിക്കുകയാണ് ഈ ബ്രാന്‍ഡ് പ്രചാരണത്തിന്റെ ലക്ഷ്യം. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ വിപുലപ്പെടുത്തി അടുത്ത അഞ്ചുവര്‍ഷത്തിനുളളില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും ടൂറിസ്റ്റുകളുടെ ഷോപ്പിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റും.
  3. റോഡു നിര്‍മ്മാണത്തിനും മറ്റും സ്ഥലമെടുക്കുമ്പോള്‍ വ്യാപാരികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും.
  4. വ്യാപാരി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തും.

നിര്‍മ്മാണ മേഖല

  1. സിമന്റ്, കമ്പി, പെയിന്റുകള്‍ തുടങ്ങിയവയുടെ വിലകള്‍ ഉല്‍പാദന ചെലവുമായി ബന്ധപ്പെടുത്താതെ ഏകപക്ഷീയമായി ഉയര്‍ത്തുന്ന കുത്തകകളുടെ നടപടിയ്‌ക്കെതിരെ തൊഴിലാളികളുടെയും ഇതര ജനവിഭാഗങ്ങളുടെയും ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവരും. ഈ രംഗത്ത് കുത്തകകളെ പ്രീണിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം തുറന്നുകാട്ടുകയും ഇതിനെതിരെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.
  2. നിര്‍മ്മാണരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പാറമടകളുടെ പ്രവര്‍ത്തനത്തിനുള്ള തടസ്സം നീക്കം ചെയ്യുന്നതിനാവശ്യമായ ചട്ടങ്ങള്‍ കൊണ്ടുവരും. ഡാമുകളില്‍നിന്ന് മണല്‍ സഹായവിലയ്ക്ക് ലഭ്യമാക്കും. മണല്‍, പാറ തുടങ്ങിയവയ്ക്ക് ബദല്‍ നിര്‍മ്മാണ സാമഗ്രികള്‍ വികസിപ്പിക്കും. പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കും.
  3. നിലവില്‍ തൊഴിലെടുക്കുന്നവരെ പുനഃപരിശീലിപ്പിക്കുന്നതിനും വൈദഗ്ദ്ധ്യവും നൈപുണിയുമുള്ള ആധുനിക തൊഴില്‍സേനയെ വാര്‍ത്തെടുക്കുന്നതിനും ഫലപ്രദമായ പരിശീലന പരിപാടികള്‍ ആവിഷ്‌കരിക്കും. തൊഴിലാളികളുടെ ക്ഷേമവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്നതിന് ആരംഭിച്ച നടപടികള്‍ ശക്തിപ്പെടുത്തും.
  4. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനൂകൂല്യം നല്‍കുന്നതിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്നതിനും വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍

സമഗ്ര റോഡ് പുനരുദ്ധാരണ പദ്ധതി

  1. സംസ്ഥാനത്തെ റോഡുകള്‍ അടിയന്തിരമായി നവീകരിക്കും. വര്‍ദ്ധിച്ചുവരുന്ന ഗതാഗതതിരക്കും വാഹനങ്ങളുടെ ബാഹുല്യവും ഇന്നത്തെ റോഡുകള്‍ക്ക് താങ്ങാനാവുന്നതല്ല. ഇതിനായി ഇന്നത്തെ റോഡ് നിര്‍മ്മാണ രീതി മാറ്റേണ്ടതുണ്ട്. ബിറ്റുമിന്‍ മക്കാഡം-ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ഡിസൈനര്‍ റോഡുകളിലേക്കുള്ള മാറ്റം വരുത്തും. പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുളള റോഡുകള്‍ ഇപ്രകാരം നവീകരിക്കുന്നതിന് ഏകദേശം 40,000 കോടി രൂപ ചെലവ് വരും. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടല്ലാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വതന്ത്രമായ ബോര്‍ഡുകളോ കമ്പനികളോ വഴി വായ്പയെടുത്ത് റോഡ് പുനരുദ്ധാരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ഈ ചുമതല റോഡ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനേയും ഏല്‍പ്പിക്കും. മോട്ടോര്‍ വാഹന നികുതിയുടെ ആദ്യത്തെ മൂന്ന്-ആറുമാസത്തെ വരുമാനം എസ്‌ക്രൂ അക്കൗണ്ടായി ഈ രണ്ടു സ്ഥാപനങ്ങള്‍ക്കു നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്തും. വായ്പാ തിരിച്ചടവ് ഉറപ്പു നല്‍കുന്ന നിയമബദ്ധമായ വരുമാനസ്രോതസ് ഉണ്ടെങ്കില്‍ കമ്പോള വായ്പ എടുത്ത് റോഡ് പുനരുദ്ധാരണം നടത്താന്‍ പ്രാപ്തിയുളള സ്ഥാപനങ്ങളായി റോഡ് ഫണ്ട് ബോര്‍ഡും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനേയും മാറ്റും.
  2. സംസ്ഥാന ഹൈവേകളും ജില്ലാ റോഡുകളും പുനരുദ്ധരിക്കും. ഇതോടൊപ്പം തീരദേശ ഹൈവേയും മലയോര ഹൈവേയും പൂര്‍ത്തിയാക്കും. എല്ലാ പ്രധാന പട്ടണങ്ങള്‍ക്കും ബൈപാസും/റിംഗ് റോഡുകളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച റെയില്‍ ഓവര്‍ബ്രിഡ്ജുകളും അഞ്ച് കോര്‍പ്പറേഷനുകളിലെയും ഫ്‌ളൈഓവറുകളും ഏറ്റെടുക്കുന്നതാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. പത്തുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും.
  3. പൊതുമരാമത്ത് മേഖലയില്‍ അഴിമതി വിമുക്തമാക്കുന്നതിന് ഇതിനകം നടപ്പിലാക്കിത്തുടങ്ങിയ ഇ-ടെന്‍ഡറിംഗ്, ദീര്‍ഘകാല മെയിന്റനന്‍സ് കോണ്‍ട്രാക്ട് തുടങ്ങിയ പരിഷ്‌കാരങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കും.

വൈദ്യുതി

  1. സാധ്യമായ ഇടങ്ങളില്‍ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും ഊര്‍ജിത നടപടികള്‍ സ്വീകരിക്കും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും ഇവ ആരംഭിക്കുക. നിലവില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന 331 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 12 ഇടത്തരം ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കും. ഇതിനുപുറമെ 158 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 17 പുതിയ ജലവൈദ്യുത പദ്ധതികള്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
  2. ബൈതരണി കല്‍ക്കരി പാടത്തുനിന്നും അനുവദിച്ചു കിട്ടിയ കല്‍ക്കരി ഉപയോഗപ്പെടുത്തി 1000 മെഗാവാട്ട് വരുന്ന വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. പ്രകൃതിവാതകം ലഭ്യമാകുന്നതോടെ കൊച്ചിയിലും ചീമേനിയിലും 1000 മെഗാവാട്ടിന്റെ താപനിലയങ്ങള്‍ സ്ഥാപിക്കുന്നതാണ്. നിലവില്‍ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന താപനിലയങ്ങളെ പ്രകൃതിവാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റും. മേല്‍പ്പറഞ്ഞ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും കേന്ദ്ര പൂളില്‍നിന്നും കേരളത്തിന് അര്‍ഹമായ വിഹിതം ഉറപ്പുവരുത്താനും കഴിഞ്ഞാല്‍ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാവും. പ്രസരണ നഷ്ടം കുറയ്ക്കാനുള്ള നടപടികള്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്തും.
  3. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതി വാതകം, നിലവില്‍ എല്‍.എന്‍.ജി ടെര്‍മിനലിനോ ടനുബന്ധമായി നിര്‍മ്മിക്കുന്ന പൈപ്പ് ലൈന്‍ ഉപയോഗിച്ച് കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മെച്ചപ്പെട്ട പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന നിലയ്ക്ക് കാസര്‍കോട്ടെ ചീമേനിയിലും എറണാകുളത്തെ ബ്രഹ്മപുരത്തും പ്രകൃതിവാതക പദ്ധതികള്‍ ആരംഭിക്കുന്നതിന് ഇന്ത്യന്‍ പ്രകൃതി വാതക ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രധാന നഗരങ്ങളില്‍ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കും തീരദേശത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ലഭ്യമാക്കും.
  4. സൗരോര്‍ജ്ജം, കാറ്റാടി, മിനി മൈക്രോ ഹൈഡല്‍ എന്നിവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കും. ഇതിനനുസൃതമായി അനര്‍ട്ടിനെ പുനഃസംവിധാനം ചെയ്യും.
  5. സ്ട്രീറ്റ് ലൈറ്റുകള്‍ തുടങ്ങിയ പൊതു സംവിധാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ കൂടി സജീവ സഹകരണത്തോടെ മെച്ചപ്പെടുത്തും. പൊതു വിളക്കുകളുടെ ഊര്‍ജ്ജ ക്ഷമത മെച്ചപ്പെടുത്തുന്നതിനും അവയുടെ പരിപാലനം കാര്യക്ഷമമാക്കുന്ന തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തും.
  6. ഒന്നരക്കോടി സി.എഫ്.എല്‍ പരിപാടിയുടെ തുടര്‍ച്ചയായി ഇത്രതന്നെ ബള്‍ബുകളും വിതരണം ചെയ്യാനുള്ള രണ്ടാം ഘട്ടം ആവിഷ്‌കരിക്കും. ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് പ്രോത്സാഹനാര്‍ത്ഥം കുട്ടികള്‍ക്ക് എനര്‍ജി ക്രെഡിറ്റ് കൂപ്പണ്‍ നല്‍കുന്ന സ്‌കീം നടപ്പിലാക്കും. പൊതു കെട്ടിടങ്ങളിലെ ഊര്‍ജവ്യയം കുറയ്ക്കുന്നതിന് എസ്‌കോ മോഡല്‍ കമ്പനി രൂപീകരിക്കും. വ്യവസായ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വൈദ്യുതിയുടെ ഉപയോഗക്ഷമത ഉറപ്പുവരുത്തുന്നതിന് എനര്‍ജി ഓഡിറ്റിംഗ് നിര്‍ബന്ധമാക്കും.

മറ്റു പശ്ചാത്തല സൗകര്യങ്ങള്‍

  1. വിഴിഞ്ഞം അന്തര്‍ദേശീയ കണ്ടയ്‌നര്‍ഷിപ്പിന്റെ നിര്‍മ്മാണം ഒന്നാം ഘട്ടം നേരിട്ട് പൂര്‍ത്തീകരിക്കും. രണ്ടാം ഘട്ടം ഉചിതമായ അന്തര്‍ദേശീയ പങ്കാളിയെ കണ്ടെത്തും. അഴീക്കല്‍, ബേപ്പൂര്‍, തങ്കശ്ശേരി, പൊന്നാനി, ആലപ്പുഴ മറീന എന്നിവ സംയുക്ത സംരംഭമായി നടപ്പാക്കും.
  2. കോഴിക്കോട്ട് എയര്‍പോര്‍ട്ട് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുന്ന പ്രക്രിയ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകും. വയനാട്ടിലും ഇടുക്കി ജില്ലയില്‍ പുറ്റടിയിലും ബേക്കലിലും എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും.
  3. തെക്ക്-വടക്ക് അതിവേഗ റെയില്‍വേ പാതയ്ക്കുള്ള വിശദമായ റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ച് സംയുക്ത സംരംഭമായി നടപ്പാക്കും. റെയില്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. കൊച്ചി മെട്രോയ്ക്ക് അനുവാദം ലഭിക്കും എന്ന ശുഭപ്രതീക്ഷയില്‍ റോഡ് വീതികൂട്ടല്‍, ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം തുടങ്ങിയ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും.
  4. വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കും. ഇവിടങ്ങളിലേക്കുള്ള പശ്ചാത്തല സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉറപ്പുവരുത്തും. കര്‍ശനമായ നിബന്ധനകളുടെ അടിസ്ഥാനത്തിലേ പ്രത്യേക സാമ്പത്തിക മേഖലകള്‍ നടപ്പിലാക്കൂ.
  5. കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലും ബംഗളൂരു, മംഗലാപുരം, കായംകുളം എന്നിവിടങ്ങളിലേയ്ക്കുളള വാതകപൈപ്പു ലൈനുകളും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ കെ.എസ്.ഐ.ഡിസിയുടെയും ഗെയിലിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലേയ്ക്കും സപ്ലിമെന്ററി വാതകവിനിയമ ശൃംഖല സ്ഥാപിക്കും.
  6. കൊച്ചി, കോയമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിനുളള മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും.

നഗര വികസനം

  1. കേരളത്തിന്റെ വിസ്തൃതിയുടെ ആറുശതമാനം വരുന്ന നഗരങ്ങളിലാണ് ജനസംഖ്യയുടെ 26 ശതമാനവും ഉല്‍പ്പാദനത്തിന്റെ 50 ശതമാനവും. ഈ അവസ്ഥ സൃഷ്ടിക്കുന്ന ചേരിവല്‍ക്കരണം, മാലിന്യപ്രശ്‌നങ്ങള്‍, ഗതാഗതക്കുരുക്കുകള്‍ തുടങ്ങി സവിശേഷ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

ജലസേചനവും ജലനയവും

  1. ദേശീയ ജലപാത വികസനത്തിനുണ്ടായിരിക്കുന്ന കാലതാമസം കൂടി കണക്കിലെടുത്ത് ഭാവിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും.
  2. നിലവിലുള്ള വന്‍കിട-ഇടത്തരം ജലസേചനപദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ഊര്‍ജ്ജിതപ്പെടുത്തുന്നതാണ്. അതിനുശേഷമേ പുതിയവ ഏറ്റെടുക്കുകയുള്ളൂ. ചെറുകിട ജലസേചന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കുക. കോള്‍ നിലങ്ങള്‍, കുട്ടനാടന്‍ പാടശേഖരം എന്നിവിടങ്ങളിലെ പുറം ബണ്ട് നിര്‍മ്മാണം അടക്കമുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും.
  3. നിലവിലുള്ള അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ പരിശോധിച്ച് സംസ്ഥാനത്തിന്റെ താല്‍പര്യം ഫലപ്രദമായി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പുതിയ ഡാം നിര്‍മ്മിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിക്കൊണ്ടുള്ള നിലപാട് തുടരും. ജലവിഭവങ്ങളുടെ വികേന്ദ്രീകൃത സ്വഭാവം കണക്കിലെടുത്തുകൊണ്ടുള്ള മാനേജ്‌മെന്റ് രീതികള്‍ കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും നടപ്പിലാക്കുന്ന രീതി വികസിപ്പിക്കും. ജലവിതരണത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ എതിര്‍ക്കും.
  4. മഴവെള്ളം സംഭരിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികളാരംഭിക്കും. ചെറുകിട ജലവിതരണ സംവിധാനത്തിനായി കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റികള്‍ വഴി കുറഞ്ഞ ചെലവില്‍ ജലം പരിശോധിക്കാനുള്ള സംവിധാനം വ്യാപകമായി പ്രചരിപ്പിക്കും. സി.ഡി.എസുകള്‍ വഴി സമയബന്ധിതമായി ജലത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും ക്ലോറിന്‍ തളിക്കല്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ നടപ്പിലാക്കുന്നതിനുമുള്ള പദ്ധതികള്‍ ആരംഭിക്കും.
  5. അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഏറ്റെടുത്തിട്ടുള്ള സ്‌കീമുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും കാലഹരണപ്പെട്ട സ്‌കീമുകള്‍ നവീകരിക്കുകയും ചെയ്യും. ജലനിധിയുടെ രണ്ടാം ഘട്ടം അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.

വ്യവസായ മേഖലകള്‍

പൊതുമേഖല

  1. പൊതുമേഖലയിലെ ഉത്പാദനശേഷി അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കും. ഇതിനായി നിലവിലുളള സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും പുതിയവ സ്ഥാപിക്കുന്നതിനുമായി ഒരു സമയബന്ധിത പരിപാടി ആറു മാസത്തിനകം പ്രഖ്യാപിക്കും. 2011-12ലേയ്ക്കുളള പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
  2. പൊതുമേഖലാ സ്ഥാപനങ്ങള്‍ അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന സമീപനം കൈക്കൊള്ളും. ഉദാഹരണത്തിന് കേരള സോപ്‌സ് ആന്‍ഡ് ഓയില്‍സിന് സോപ്പുനിര്‍മാണവുമായി ബന്ധപ്പെട്ട് ഒട്ടനവധി ചെറിയ സംരംഭങ്ങളുടെ ഉപദേഷ്ടാവായും പ്രമോട്ടറായും പ്രവര്‍ത്തിക്കും. കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇത്തരം ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നത് ആ മേഖലകളുടെ സാമ്പത്തിക വികസനത്തെ സഹായിക്കും.
  3. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായി ഒരു മാതൃകാ കമ്പനി ഭരണ ചാര്‍ട്ടര്‍ വികസിപ്പിക്കും. ഡയറക്ടര്‍ ബോര്‍ഡുകള്‍ എങ്ങനെ തിരഞ്ഞെടുക്കണം. അവയുടെ ചുമതലകള്‍ എന്തായിരിക്കണം, ബോര്‍ഡും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം തുടങ്ങിയവ ഈ മാതൃകാ ചാര്‍ട്ടറില്‍ നിര്‍വചിക്കും. നിശ്ചിത വാണിജ്യ മാനദണ്ഡങ്ങള്‍ പരിപാലിക്കുന്ന കമ്പനികള്‍ക്കു സ്വയംഭരണം അനുവദിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെന്നപോലെ സംസ്ഥാനത്തും ഭരണവകുപ്പിനും പൊതുമേഖലാ സ്ഥാപനത്തിനുമിടയില്‍ ധാരണാപത്രം നിര്‍ബന്ധമാക്കും. അതതു വര്‍ഷങ്ങളില്‍ എന്തൊക്കെയാണ് നേടിയെടുക്കേണ്ടതെന്നും അതിനുവേണ്ടി ഈ സ്ഥാപനങ്ങള്‍ക്ക് ഏതു വിധത്തിലുള്ള സ്വതന്ത്രഭരണാധികാരമാണ് നല്‍കേണ്ടതെന്നും ഈ ധാരണാപത്രത്തില്‍ കൃത്യമായും ക്രോഡീകരിക്കും. സമാന സ്വഭാവമുളള പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മില്‍ ലയിപ്പിക്കും.
  4. മാനേജ്‌മെന്റ് പൂര്‍ണമായി പ്രൊഫഷണലൈസ് ചെയ്യും. മാനേജ്‌മെന്റില്‍ തൊഴിലാളി പ്രാതിനിധ്യം അനുവദിക്കും. ലാഭത്തില്‍ നിശ്ചിതവിഹിതം നീക്കിവെച്ചു കൊണ്ടുളള പെന്‍ഷന്‍ പദ്ധതി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി ആവിഷ്‌കരിക്കും.
  5. എഫ്എസിടി, എച്ച്എംടി, റിഫൈനറീസ്, ഷിപ്പ്‌യാര്‍ഡ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനും വിപുലീകരണത്തിനും ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കും. പ്രകൃതി വാതകത്തെ അടിസ്ഥാനമാക്കി എഫ്എസിടിയില്‍ യൂറിയാ കോംപ്ലക്‌സ്, കാസര്‍കോട്ടെ ടെക്‌നോ കെമിക്കല്‍ കോംപ്ലക്‌സ്, അമ്പലമേട്ടില്‍ ഗ്യാസ് ക്രാക്കര്‍ കോംപ്ലക്‌സ്, തുടങ്ങിയ വ്യവസായങ്ങളും ചെറുകിട അനുബന്ധ വ്യവസായങ്ങളും ആരംഭിക്കുന്നതിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും.
  6. നമ്മുടെ കരിമണല്‍ ഉപയോഗിച്ചുളള ടൈറ്റാനിയം സ്‌പോഞ്ചും ലോഹവുമടക്കം ടൈറ്റാനിയം വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതാണ്. ചവറയിലെയും തിരുവനന്തപുരത്തെയും ടൈറ്റാനിയം ഫാക്ടറികള്‍ വിപുലീകരിക്കുന്നതിനും ആധുനീകരിക്കുന്നതിനും നടപടിയെടുക്കും.

സ്വകാര്യ വ്യവസായമേഖല

  1. ഇന്ത്യയിലെ വന്‍കിട മൂലധന നിക്ഷേപത്തിന്റെ തുച്ഛമായ ഭാഗമേ കേരളത്തിലേക്ക് വരുന്നുളളൂ. ദീര്‍ഘനാളായുളള സ്ഥിതിയാണിത്. അഞ്ചുവര്‍ഷം കൊണ്ട് മൂലധന നിക്ഷേപം ജനസംഖ്യാനുപാതികമായെങ്കിലും കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ടുളള പ്രവര്‍ത്തനം നടത്തും.
  2. നമ്മുടെ സംസ്ഥാനത്ത് നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പു വരുത്തുന്നതിനു വേണ്ടി ഏകജാലക സംവിധാനം ഫലപ്രദമായി നടപ്പിലാക്കും. അനായാസേന വ്യവസായം ആരംഭിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. ആരോഗ്യകരമായ തൊഴില്‍ ബന്ധങ്ങള്‍ ഉറപ്പു വരുത്തും. ഗുണനിലവാരമുള്ള വൈദ്യുതി, ഗതാഗത സൗകര്യങ്ങള്‍, സ്റ്റോറേജ് സൗകര്യങ്ങള്‍, പൊതുമലിനീകരണം കുറയ്ക്കുന്നതിനാവശ്യമായ പൊതുസംവിധാനങ്ങള്‍ തുടങ്ങിയ പശ്ചാത്തല സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തും.
  3. നിര്‍മ്മാണ മേഖലയിലെ അനാരോഗ്യകരമായ പ്രവണതകള്‍ക്ക് കര്‍ശനമായി വിരാമമിടും.

ചെറുകിട വ്യവസായങ്ങള്‍

  1. വന്‍കിട മൂലധനത്തെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പ്രത്യേകം ശ്രദ്ധ നല്‍കണം. വന്‍കിട വ്യവസായങ്ങളുടെ അനുബന്ധമേഖലകളായിട്ടോ സ്വതന്ത്രമായ ക്ലസ്റ്ററുകയോ ഇവ വളര്‍ത്തിയെടുക്കാം. സൂക്ഷ്മ തൊഴില്‍സംരംഭങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തണം.
  2. സൂക്ഷ്മ പൊതുസംരംഭകര്‍ക്ക് പൊതു സൗകര്യ കേന്ദ്രങ്ങളും അവയുടെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്റ് ചെയ്ത വില്‍ക്കുന്നതിന് പൊതുവിപണന സംവിധാനങ്ങളും ഉണ്ടാക്കുന്നതാണ്. സൂക്ഷ്മ തൊഴില്‍സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വിപണന കേന്ദ്രങ്ങളുടെ ഒരു സംസ്ഥാനതല ശൃംഖലയ്ക്ക് രൂപം നല്‍കുന്നതാണ്.
  3. ചെറുകിട വ്യവസായികള്‍ക്കുള്ള ക്ഷേമപദ്ധതി ശക്തിപ്പെടുത്തി ആകര്‍ഷകമാക്കും.

വിവര -വിനിമയ സാങ്കേതികവിദ്യാ വ്യവസായങ്ങള്‍

  1. സോഫ്റ്റ്‌വെയര്‍ പാര്‍ക്കുകളുടെ വിസ്തൃതി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കും. കേരളത്തിലെ ഐ.ടി നയത്തിന്റെ ശ്രദ്ധേയ വശം വികേന്ദ്രീകൃതമായ ഐടി വ്യവസായ കേന്ദ്രങ്ങളാണ്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളോടനുബന്ധിച്ച് വലിയ ഐ.ടി. പാര്‍ക്കുകള്‍ വികസിപ്പിക്കുമ്പോള്‍ത്തന്നെ വിവിധ ജില്ലകളിലും പാര്‍ക്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും.
  2. വ്യവസായ പാര്‍ക്കുകളിലെ ഡാറ്റാ എന്‍ട്രി, സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ സബ് കോണ്‍ട്രാക്റ്റിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം നിലവിലുളള ഉല്‍പാദനമേഖലകളുടെ നവീകരണത്തിനും വൈവിദ്ധ്യവത്കരണ ത്തിനും വിവരവിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കും. മാത്രമല്ല, കാര്‍ഷിക പരമ്പരാഗത വ്യവസായ മേഖലകളുടെ നവീകരണത്തിനും വൈവിദ്ധ്യവല്‍കരണത്തിനും ഈ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ആരായും.
  3. കച്ചവട സേവന മേഖലകളില്‍ മാത്രമല്ല, പൊതു'ഭരണത്തിന്റെ കാര്യക്ഷമതയ്ക്കും സുതാര്യതയ്ക്കും ഈ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തും. വൈദഗ്ദ്ധ്യപോഷണം നടത്താനും നടപടി സ്വീകരിക്കും.
  4. ഉളളടക്കം ഇന്നു വിവരവിനിയമ വ്യവസായത്തിന്റെ ഒരു ഘടകമാണ്. എഴുത്ത്, ഫോട്ടോഗ്രാഫുകള്‍, സിനിമ, വീഡിയോ, സംഗീതം, റിങ് ടോണുകള്‍ ഇവയെല്ലാം മള്‍ട്ടി മീഡിയയുടെ വിവിധ രൂപങ്ങളാണ്. ഇവയടങ്ങുന്ന സിഡികളും വെബ് പേജുകളും മറ്റും കൈകാര്യം ചെയ്യുന്ന സംരംഭങ്ങളെ'പ്രത്യേകം പ്രോത്സാഹിപ്പിക്കും.
  5. ഐടി വ്യവസായത്തിനു സോഫ്റ്റ്‌വെയര്‍ മാത്രമല്ല, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഹാര്‍ഡ്‌വെയറുകളും പ്രധാനമാണ്. ഇവയ്ക്കുളള നിര്‍മ്മാണവ്യവസായങ്ങളും ആരംഭിക്കും.
  6. കേരളത്തിന്റെ വിവര സേവനാവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രാദേശിക വ്യവസായങ്ങളെ (പൊതുമേഖലാ സ്ഥാപനങ്ങളേയും ചെറുകിട-ഇടത്തരം സ്വകാര്യ സ്ഥാപനങ്ങളെയും) പ്രോത്സാഹിപ്പിക്കും. കേരളത്തിന്റെ വിവര സേവനാവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ നേടുന്ന പരിചയം ഈ വ്യവസായങ്ങളെ വിദേശ കമ്പോളം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും കൂടുതല്‍ ഉയര്‍ന്ന മൂല്യം സൃഷ്ടിക്കാനും കൂടുതല്‍ കയറ്റുമതി വരുമാനം കൊണ്ടുവരാനും പ്രാപ്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
  7. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 100 ശതമാനം ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൈവരിക്കും. എഡ്യൂസറ്റ് സൗകര്യം എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ലഭ്യമാക്കും. ടെലി മെഡിസിന്‍ ശൃംഖല ജില്ലാ ആശുപത്രി വരെ ദീര്‍ഘിപ്പിക്കും. ടെലി അഗ്രിക്കള്‍ച്ചര്‍ ശൃംഖലയും വിപണന സൗകര്യവും പഞ്ചായത്തുതലം വരെ സ്ഥാപിക്കും.
  8. ഐ.ടി വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ എഞ്ചിനീയര്‍മാരുടെയും മാനേജര്‍മാരുടെയും മറ്റ് സാങ്കേതിക വിദഗ്ധന്മാരുടെയും ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് സമയബന്ധിത പരിപാടി തയ്യാറാക്കുന്നതാണ്. ആവശ്യമായ സ്ഥലങ്ങളില്‍ വ്യവസായ അടിസ്ഥാനത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ രീതികള്‍ ഏര്‍പ്പെടുത്തുന്നത് കൂടാതെ പരിശീലനകേന്ദ്രങ്ങള്‍ക്കും പരിശീലകര്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കും.
  9. ഉല്‍പ്പാദന-സേവന മേഖലകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് അക്ഷയക്ക് പുതുജീവന്‍ പകരും. 2010-ഓടെ നൂറുശതമാനം വിവര സാങ്കേതികവിദ്യാ സാക്ഷരത കൈവരിക്കും. കേരളത്തെ പൂര്‍ണ്ണമായും മലയാളഭാഷയില്‍ പ്രവര്‍ത്തിക്കുന്ന, ഇലക്‌ട്രോണിക ഭരണ നിര്‍വ്വഹണക്ഷമത കൈവരിക്കുന്ന, രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിത്തീര്‍ക്കും.
  10. മലയാള ഭാഷയിലുള്ള കംപ്യൂട്ടിംഗ് സൗകര്യങ്ങളും മള്‍ട്ടിമീഡിയ ഉള്ളടക്കവും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രോല്‍സാഹനവും ധനസഹായവും നല്‍കും.
  11. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പ്രോത്സാഹിപ്പിക്കും. ഇതിനായുള്ള പഠനകേന്ദ്രത്തെ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കും.

ജൈവ സാങ്കേതിക വ്യവസായം

  1. കേരളാ ബയോടെക്‌നോളജി കമ്മീഷന്‍ പുറത്തിക്കിയ സംസ്ഥാന ബയോടെക്‌നോളജി നയം ലക്ഷ്യമിടുന്നത് സംസ്ഥാനത്ത് ലഭ്യമായ ജൈവവിഭവങ്ങളും ഉയര്‍ന്ന മാനവശേഷിയും ഉപയോഗപ്പെടുത്തി ആഗോളതലത്തിലുള്ള ബയോടെക്‌നോളജി ഉല്‍പന്നങ്ങളുടെ ആവശ്യം നിറവേറ്റുന്നതോടൊപ്പം കേരളത്തെ വികസനത്തിന്റെ പാതയിലെത്തിക്കുന്നതിന് ബയോടെക്‌നോളജി ഉപയോഗപ്പെടുത്തുക എന്നുള്ളതാണ്. ഇതിന്റെയൊപ്പം തന്നെ സംസ്ഥാനത്തിന്റെ ബയോടെക്‌നയം ലോകോത്തര ബയോടെക്‌നോളജി ഗവേഷണ വികസനസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുമൊക്കെ ലക്ഷ്യമിടുന്നുണ്ട്. ബയോടെക്‌നോളജി പാര്‍ക്കുകള്‍ രൂപീകരിക്കും.
  2. പതിറ്റാണ്ടുകളായി കേരളത്തില്‍ നിന്നും കയറും, കശുവണ്ടിയും, സുഗന്ധവ്യഞ്ജനങ്ങളും, മത്സ്യഉല്‍പന്നങ്ങളും, പഴം, പച്ചക്കറി ഉല്‍പന്നങ്ങളും കയറ്റി അയയ്ക്കുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് ആഗോളതലത്തിലുള്ള മത്സരം നേരിടുന്നതിന് നാം നമ്മുടെ ഉല്‍പന്നങ്ങളുടെ ഗുണമേന്മ ബയോടെക്‌നോളജി ഉള്‍പ്പെടെയുള്ള നൂതനസാങ്കേതികവിദ്യകളുപയോഗിച്ച് വര്‍ധിപ്പിക്കേണ്ടതുണ്ട്.
  3. കേരളത്തില്‍ നിന്നിറങ്ങുന്ന ആയുര്‍വേദ ഔഷധങ്ങള്‍ക്ക് അന്തര്‍ദ്ദേശീയ കമ്പോളത്തിലേയ്ക്കു കടക്കാന്‍ കഴിയുന്നില്ല. ഇതിന് പ്രധാന കാരണം ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ഗുണനിലവാരത്തെയും ഉള്ളടക്കത്തെയും സംബന്ധിച്ച് വിദേശരാജ്യങ്ങള്‍ക്കുള്ള സംശയങ്ങളാണ്. നിയന്ത്രിത ഫെര്‍മെന്റേഷനും മറ്റ് സങ്കേതങ്ങളും ഉപയോഗപ്പെടുത്തി ഈ രംഗത്ത് ഗുണനിലവാരമുറപ്പ് വരുത്താന്‍ കഴിയും. ഉല്‍പന്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് സജീവമൂലകങ്ങളെ തിരിച്ചറിഞ്ഞ് ഉള്ളടക്കം നിര്‍വചിക്കുന്നതോടെ ആയുര്‍വേദ ഔഷധങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണി നേടാനാകും.
  4. ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗുണമേന്മയുള്ള ഔഷധസസ്യങ്ങളുടെ കൃത്രിമപ്രജനനം സാധ്യമാക്കിക്കൊണ്ട് ഈ രംഗത്ത് വ്യവസായ വികസനത്തിനും ഒപ്പം തന്നെ ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള സാധ്യത തെളിയിക്കാനാകും. അലങ്കാരസസ്യങ്ങളും, നാണ്യവിളകളുമൊക്കെത്തന്നെ ഇത്തരത്തില്‍ പ്രജനനം നടത്താമെന്നുള്ളത് കേരളത്തിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള തൈകള്‍ ലഭ്യമാക്കുന്നതിന് സഹായിക്കും.
  5. ജീനോമിക്‌സ്/പ്രോട്ടിയോമിക്‌സ് സാങ്കേതികവിദ്യകളിലൂടെ രോഗങ്ങളെ തടയുന്നതിനോ മുന്‍കൂട്ടി കണ്ടെത്തുന്നതിനോ ഉള്ള ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. കേരളത്തിലെ ബയോടെക്‌നോളജി അധിഷ്ഠിത ഔഷധനിര്‍മാണരംഗത്ത് ഇത്തരം സംരംഭങ്ങള്‍ക്കുള്ള ഉയര്‍ന്ന സാധ്യതകളെ പ്രയോജനപ്പെടുത്തും.
  6. ഐ.ടിയും ബയോടെക്‌നോളജിയും കൈകോര്‍ത്ത് മുന്നേറുന്ന പുത്തന്‍ സാങ്കേതികവിദ്യയാണ് ബയോഇന്‍ഫര്‍മാറ്റിക്‌സ്. ഈ രംഗത്ത് ഗവേഷണ സ്ഥാപനങ്ങളും മറ്റും ആരംഭിച്ച് പുറംജോലി കരാര്‍ ഉള്‍പ്പെടെ കേരളത്തിന് ലഭിക്കാവുന്ന അവസരങ്ങള്‍ അനവധിയാണ്. അവ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

നാനോ സാങ്കേതിക വിദ്യ

  1. ചില സര്‍വകലാശാലകളില്‍ നാനോ സാങ്കേതികവിദ്യക്ക് പ്രത്യേക വകുപ്പുകളും ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്ററുകളും സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വ്യവസായം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നാനോ സാങ്കേതികവിദ്യയുപയോഗിച്ച് നവീകരണത്തിനും വിപുലനത്തിനുമുള്ള സാധ്യതകള്‍ ഒട്ടേറെയുണ്ട്. അവയെ പ്രയോജനപ്പെടുത്തുന്നതാണ്. അതിനായി തൊഴിലധിഷ്ഠിത നാനോ സാങ്കേതികവിദ്യാ കോഴ്‌സുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ടൂറിസം

  1. ഏറ്റവും വേഗതയില്‍ വളരുന്ന പുതിയ വ്യവസായ മേഖലയാണ് ടൂറിസം. ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അതിന്റെ ദൂഷ്യഫലങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം നയം രൂപീകരിച്ചത്. ഇത് ഫലപ്രദമായി നടപ്പാക്കുക എന്നതായിരിക്കും അടുത്ത അഞ്ചുവര്‍ഷത്തെ ലക്ഷ്യം.
  2. ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലെ പശ്ചാത്തല സൗകര്യങ്ങള്‍ വിപുലീകരിക്കുകയും അവയുടെ മാനേജ്‌മെന്റു കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യും. പ്രാദേശിക ഭരണകൂടങ്ങളുടെ പങ്കാളിത്തം ടൂറിസം വികസനത്തില്‍ ഉറപ്പുവരുത്തും. ഏതൊരു ജൈവ മേഖലയ്ക്കും താങ്ങാവുന്ന ഭാരത്തിന് പരിധിയുണ്ട്. ഇതു സംബന്ധിച്ചു പഠനം നടത്തുകയും ആ പരിധി ലംഘിക്കാതെ ടൂറിസം പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുകയും ചെയ്യും.
  3. ആരോഗ്യ ടൂറിസം, ഫാം ടൂറിസം, ഇക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ ടൂറിസത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. കേരളത്തിന്റെ തനതു ജൈവസമ്പത്തുകളായ കാലാവസ്ഥ, കായലുകള്‍, ബീച്ചുകള്‍, വന്യമൃഗ സങ്കേതങ്ങള്‍, ആയൂര്‍വ്വേദം ഇവയെ ഉപയോഗിച്ച് ടൂറിസം പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കും. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഗുണമേന്മയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
  4. മുസിരിസ്, തലശേരി, ആലപ്പുഴ, തിരുവനന്തപുരം, വയനാട് പൈതൃക സംരക്ഷണ സര്‍ക്യൂട്ടുകള്‍ പൂര്‍ത്തീകരിക്കും. യുനെസ്‌കോയുടെ സഹായത്തോടെ സ്‌പൈസസ് റൂട്ട് എന്ന പൈതൃക അന്തര്‍ദ്ദേശീയ സര്‍ക്ക്യൂട്ട് യാഥാര്‍ത്ഥ്യമാക്കും. മുപ്പതില്‍പ്പരം രാജ്യങ്ങള്‍ പങ്കാളികളായിട്ടുളള ഈ ബൃഹദ് സംരംഭം കേരളത്തിലെ ടൂറിസത്തിന്റെ മുഖച്ഛായ മാറ്റും.
  5. ആയൂര്‍വേദ ചികിത്സയും സാംസ്‌ക്കാരിക കലാരൂപങ്ങളും ടൂറിസത്തിന്റെ അതിരുകവിഞ്ഞ വാണിജ്യവല്‍കരണം മൂലം അധഃപതിക്കാതിരിക്കാന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കും. ടൂറിസത്തിന്റെ സാംസ്‌ക്കാരിക പ്രത്യാഘാതങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യും.
  6. ടൂറിസത്തിന്റെ സാമ്പത്തിക നേട്ടം പ്രാദേശിക സമ്പദ്ഘടനയ്ക്കു കൂടി സഹായകരമാവും എന്നുറപ്പുവരുത്തേണ്ടതുണ്ട്. ചെറുകിട സംരംഭങ്ങള്‍ക്കു പരമാവധി സാധ്യതകള്‍ തുറക്കുന്നതാണ്.
  7. ടൂറിസ്റ്റ് ഡസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളത്തിന്റെ പ്രശസ്തി കൂടുതല്‍ വളര്‍ത്തുന്നതിന് ശക്തമായ പ്രചാരണം വിദേശരാജ്യങ്ങളിലടക്കം തുടര്‍ന്നും നടത്തും. കേരള ട്രാവല്‍ മാര്‍ട്ടിന് കൂടുതല്‍ ധനസഹായം അനുവദിക്കും.
  8. ടൂറിസം മേഖലയുടെ മേലുളള നികുതിഭാരം കുറയ്ക്കും.

സാമൂഹ്യ പശ്ചാത്തല സൗകര്യങ്ങള്‍

ആരോഗ്യം

  1. വൃദ്ധജനങ്ങളുടെ പ്രത്യേകമായ മാനസിക ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പഠനവും ഇടപെടലും നടത്തും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ത്രിതല സംവിധാനത്തിലെ താഴെത്തട്ട് മുതല്‍ ലഭ്യമായ സാധ്യത ഉപയോഗപ്പെടുത്തും. സാന്ത്വന ചികിത്സാപദ്ധതിയുമായി ബന്ധപ്പെടുത്തി 'വയോമിത്രം' പരിപാടി നടപ്പിലാക്കും.
  2. ആശുപത്രികളുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിച്ച് ആവശ്യമായ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കും.
  3. സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഡോക്ടര്‍മാര്‍ക്കും ഇതര ജീവനക്കാര്‍ക്കും തുടര്‍പരിശീലനം നല്‍കും. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ ചികിത്സാനിരോധനം വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തി ഫലപ്രദമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.
  4. സാര്‍വ്വത്രികവും സൗജന്യവുമായ ആരോഗ്യസേവനം ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് സാമ്പ്രദായികമായിത്തന്നെ എല്ലാ കാലത്തും ഉറപ്പ് വരുത്തും. മറ്റ് രാജ്യങ്ങളിലെ ഇന്‍ഷുറന്‍സ് സംവിധാനത്തിലുണ്ടായ പാളിച്ചകള്‍ പഠിച്ച് ഇന്‍ഷുറന്‍സ് സംവിധാനം ശക്തിപ്പെടുത്തും. 108 ആംബുലന്‍സ് സമ്പ്രദായം സാര്‍വ്വത്രികമാക്കും.
  5. സാങ്കേതിക വിദ്യയുടെ വികാസത്തിനനുസരിച്ച് സേവനരീതികളും അതിനാവശ്യമായ പുതിയ ഉപകരണങ്ങളും വികസിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ പാരമെഡിക്കല്‍ പ്രവര്‍ത്തകരുടെ അഭാവം നേരിടുന്നു. ആവശ്യം അനുസരിച്ച് പുതിയ കോഴ്‌സുകള്‍ ഈ മേഖലയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കൂടാതെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പാരാമെഡിക്കല്‍ പ്രവര്‍ത്തകരുടെ യോഗ്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.
  6. ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് മെഡിക്കല്‍ കോളേജുകളിലെ ഫാര്‍മസി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വികസിപ്പിച്ച് ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ജില്ലാതലത്തില്‍ ഹൈടെക് ഡ്രഗ് വെയര്‍ഹൗസുകള്‍ ആരംഭിക്കുന്നതാണ്.
  7. സ്റ്റേറ്റ് ഡിസീസ് സര്‍വയിലന്‍സ് സെല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തും.
  8. ആയൂര്‍വ്വേദ-ഹോമിയോ മേഖലകളില്‍ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യം ഉണ്ടായിട്ടുണ്ട്. ഈ വളര്‍ച്ച നിലനിര്‍ത്തും. ജീവതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ആരംഭിക്കും. മെഡിക്കല്‍ ഇന്‍ഷ്വറന്‍സില്‍ ആയൂര്‍വ്വേദ-ഹോമിയോ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. ആയൂര്‍വ്വേദ ഔഷധമേഖലയില്‍ ഗവേഷണപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കും. മരുന്നുകളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, വാലിഡേഷന്‍ എന്നിവ ഉറപ്പുവരുത്തും.

വിദ്യാഭ്യാസം

  1. കേരളത്തിലെ മുഴുവന്‍ പ്രീസ്‌കൂള്‍ പ്രായക്കാരെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധത്തില്‍ സാര്‍വ്വത്രികവും ശാസ്ത്രീയവുമായ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം നടപ്പിലാക്കും. നിലവിലുള്ള അംഗന്‍വാടികളുടെയും ലോവര്‍ പ്രൈമറി സ്‌കൂളുകളുടെയും ഭൗതിക സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക.
  2. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ തല്‍പ്പരരും ചേര്‍ന്നുള്ള കൂട്ടായ്മ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മുതിര്‍ന്നവരുടെയും യുവജനസംഘടനകളുടെയും ഗ്രന്ഥശാലകളുടെയും സഹായം ഉപയോഗപ്പെടുത്തും.
  3. വിദ്യാഭ്യാസ അവകാശ നിയമം കേരളീയ പശ്ചാത്തലം കൂടി കണക്കിലെടുത്തുകൊണ്ട് നടപ്പിലാക്കുന്ന രീതിയായിരിക്കും അവലംബിക്കുക.
  4. കലാ-കായിക അംശങ്ങളെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഉള്‍ച്ചേര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
  5. കുട്ടികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് അവര്‍ക്ക് ആത്മവിശ്വാസത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ശേഷി സ്‌കൂള്‍ ഘട്ടത്തില്‍ തന്നെ ആര്‍ജ്ജിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
  6. മാതൃഭാഷാ പഠനം നിര്‍ബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. അതോടൊപ്പംതന്നെ ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് വിനിമയശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് ഭാഷകള്‍ പഠിക്കാനുള്ള സൗകര്യവും ഉണ്ടാക്കും.
  7. എല്ലാ തലങ്ങളിലും കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ യത്‌നിക്കും. അതിന് പരിമിതികള്‍ ഉള്ളതുകൊണ്ട് സാമൂഹ്യ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിക്കും. സഹകരണ മേഖലയ്ക്കും സര്‍ക്കാര്‍ നിയന്ത്രിത മേഖലയ്ക്കും ഈ മേഖലയില്‍ പ്രാമുഖ്യം നല്‍കും. ഗുണമേന്മ, സാമൂഹ്യനീതി എന്നിവ ഈ സ്ഥാപനങ്ങളില്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സദാ ജാഗരൂകമായിരിക്കും.
  8. ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ക്രിയാത്മകമായ അക്കാദമിക സഹകരണത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അദ്ധ്യാപക പരിശീലനത്തിനും തുടര്‍പഠനത്തിനും ആവശ്യമായ സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ആധുനിക ആശയവിനിമയ സങ്കേതങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തികൊണ്ട് ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കും.
  9. അധികാര വികേന്ദ്രീകരണവും അക്കാദമിക മികവും സ്വ.യംഭരണവും സാമൂഹ്യ ഉത്തരവാദിത്തവും ജനാധിപത്യ പ്രാതിനിധ്യവും ഉറപ്പാക്കുംവിധവും അക്കാദമിക ആവശ്യങ്ങള്‍ അനായാസേന നിറവേറ്റുന്നതിനു സഹായകമായ രീതിയിലും സര്‍വകലാശാലകളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമവ്യവസ്ഥകളും ഭരണനിര്‍വഹണവും പരിഷ്‌കരിക്കും.
  10. വിദ്യാര്‍ത്ഥി പ്രവേശനം, ഫീസ്പിരിവ് എന്നിവയ്ക്ക് സര്‍വകലാശാലതലത്തില്‍ ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തും.
  11. സ്വാശ്രയ സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും ജനാധിപത്യ അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും പരിരക്ഷിക്കുന്നതിനുവേണ്ട നിയമ - ഭരണ നടപടികള്‍ കൈക്കൊള്ളും.
  12. ശാരീരികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും പഠനപ്രവര്‍ത്തനങ്ങളും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും.

ഐ.ടി.ഐകള്‍

  1. കൂടുതല്‍ ഐ.ടി.ഐകള്‍ സ്ഥാപിക്കും. നിലവിലുളള ട്രേഡുകളുടെ കരിക്കുലവും പരിശീലന മുറകളും പരിശീലന സൗകര്യങ്ങളും കാലോചിതമായി പരിഷ്‌കരിക്കും. വ്യവസായ സ്ഥാപനങ്ങളും പരിശീലന സ്ഥാപനങ്ങളുമായുളള ബന്ധവും വിവരവിനിമയവും സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ശാസ്ത്ര-സാങ്കേതിക ഗവേഷണം

  1. പല കാലങ്ങളിലായി ആരംഭിച്ചതും പ്രശസ്തിയാര്‍ജ്ജിച്ചതുമായ പല ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. അവയുടെ പ്രവര്‍ത്തനം വിലയിരുത്തി അവയെ മെച്ചപ്പെടുത്താന്‍ നടപടിയെടുക്കും. പല പുതിയ വിജ്ഞാനമേഖലകളിലും ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമായി വന്നിട്ടുണ്ട്. അവയും സര്‍വ്വകലാശാലകളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. അവയ്ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുന്നതിനും സമൂഹത്തിന് കൂടുതല്‍ പ്രയോജനം അവയിലൂടെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനും ഉതകുന്നവിധം ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പ്രവര്‍ത്തനം പുനരാവിഷ്‌കരിക്കുന്നതാണ്.

വന സംരക്ഷണം

  1. വനസംരക്ഷണത്തിന് കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകളും ജീവനക്കാരെയും അനുവദിക്കും.
  2. 1977 ജനുവരി 1-നു മുമ്പ് വനഭൂമിയില്‍ കൃഷിയാരംഭിച്ചവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയും പട്ടയം അനുവദിക്കുകയും ചെയ്യും. എന്നാല്‍ പുതിയ വനം കയ്യേറ്റത്തെ കര്‍ശനമായി നേരിടും. കള്ളപ്പട്ടയങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിക്കുന്നതാണ്. ഇ.എഫ്.എല്‍ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കും.

സംസ്‌കാരം

  1. ലൈബ്രറി കൗണ്‍സിലിന് നിയമമനുസരിച്ച് ലഭിക്കേണ്ട നികുതിവിഹിതം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തും. ഗ്രന്ഥശാലാസംഘങ്ങള്‍ക്കുളള ഗ്രാന്റില്‍ വര്‍ദ്ധന വരുത്തും. ഗ്രാമീണ ലൈബ്രറികളില്‍ ഇന്റര്‍നെറ്റ് അടക്കമുളള അടിസ്ഥാന സൗകര്യങ്ങളും നിലവാരമുളള പുസ്തക ശേഖരവും ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ലൈബ്രേറിയന്മാരുടെ അലവന്‍സ് വര്‍ദ്ധിപ്പിക്കും.
  2. നാടിന്റെ സാംസ്‌ക്കാരിക കേന്ദ്രങ്ങളായി ഗ്രന്ഥശാലകളെ വളര്‍ത്തി എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന, വിജ്ഞാന വ്യാപനത്തിന്റെ മുഖ്യ കണ്ണിയായി ഗ്രന്ഥശാലകളെ മാറ്റിയെടുക്കും.
  3. അക്കാദമികള്‍ക്കുള്ള ധനസഹായം ഗണ്യമായി വര്‍ദ്ധിപ്പിക്കും. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഫിലിം, നാടക, സംഗീത, നൃത്ത, ചിത്രകല ഉത്സവങ്ങള്‍ക്ക് ധനസഹായം ഉറപ്പുവരുത്തും. വായനശാലകള്‍ക്കെന്നപോലെതന്നെ ആര്‍ട്‌സ് ക്ലബ്ബുകള്‍ക്കും ധനസഹായം ഉറപ്പുവരുത്തും. ഇവ കൂടാതെ നിരവധി സാംസ്‌കാരിക സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. അവയ്ക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കും. ഗോത്ര കലകളെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കും.
  4. മലയാളം മിഷന്‍ ശക്തിപ്പെടുത്തും. മലയാള ഭാഷാ പഠനത്തിനും ഗവേഷണത്തിനും സര്‍വ്വകലാശാലകള്‍ക്കും ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കും വിവിധ ഏജന്‍സികള്‍ക്കും പ്രത്യേക ധനസഹായം ഉറപ്പുവരുത്തും.
  5. പ്രാദേശിക ടെലിവിഷന്‍ ചാനലുകളെ പ്രോത്സാഹിപ്പിക്കും. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും ചാനല്‍ പ്രവര്‍ത്തകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തും.

സ്‌പോര്‍ട്‌സ്

  1. എല്ലാ ജില്ലകളിലും കായിക പരിശീലനത്തിന് മികച്ച സൗകര്യമുണ്ടാക്കും. മിടുമിടുക്കരായ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്നതിന് ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് ഉണ്ടാക്കും. ലോകോത്തര നിലവാരത്തിലുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും ഇവിടെ ഉറപ്പുവരുത്തും.
  2. സംസ്ഥാനത്തിനകത്തും പുറത്തും നടക്കുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കായി പ്രോത്സാഹക കായിക പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കും.
  3. കേരളത്തിലെ കായിക വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം രൂപപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
  4. കായികതാരങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു സ്‌പോണ്‍സറിംഗ് സെല്‍ ആരംഭിക്കും.
  5. സ്‌പോര്‍ട്‌സില്‍ നിശ്ചിത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും. സ്‌കൂള്‍ കായികരംഗത്തുള്ള കുരുന്ന് പ്രതിഭകളെ ചെറിയ പ്രായത്തില്‍ത്തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

ഭരണപരിഷ്‌കാരം

സഹകരണം

  1. സ്വന്തം ഫണ്ടില്‍ അധികരിച്ച് സഞ്ചിത നഷ്ടമുള്ള സംസ്ഥാന സഹകരണ ബാങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി മൂലധനപങ്കാളിത്തം വര്‍ദ്ധിപ്പിക്കും. അപ്പെക്‌സ് സംഘങ്ങള്‍ക്കു നല്‍കിയിട്ടുള്ളതും നിഷ്‌ക്രിയ വായ്പ ആയി തീര്‍ന്നതുമായ വായ്പകള്‍ സ്റ്റാന്‍ഡേര്‍ഡ് വായ്പകളാക്കുകയും ചെയ്യും.
  2. ജീവനക്ഷമമല്ലാത്ത സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി കര്‍മ്മ പദ്ധതി തയ്യാറാക്കുകയും ഒരു കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുകയും ചെയ്യും. ലിക്വിഡേഷനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ഓഹരി മൂലധനം നല്‍കി സഹായിക്കും.
  3. എല്ലാ പഞ്ചായത്തുകളിലും സഹകരണ വിപണന കേന്ദ്രങ്ങളും നീതി മെഡിക്കല്‍ സ്റ്റോറുകളും തുടങ്ങും.
  4. സഹകരണ പ്രാഥമിക വായ്പാ സംഘങ്ങളിലെ നിക്ഷേപകര്‍ക്കും വായ്പക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരാത്ത വായ്പ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക് ഡെപ്പോസിറ്റ് ഗ്യാരിന്റി ഉറപ്പ് വരുത്തും.
  5. സഹകരണ വായ്പാ സംഘങ്ങള്‍ക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കുകയും കമ്പ്യൂട്ടറൈസ്ഡ് ആഡിറ്റിങ് സാധ്യമാക്കുകയും ചെയ്യും. സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ട് എ.റ്റി.എം.ശൃംഖല വിപുലപ്പെടുത്തും.
  6. റിസര്‍വ് ബാങ്ക് ലൈസന്‍സില്ലാത്ത ജില്ലസഹകരണ ബാങ്കുകള്‍ക്ക് 2012 നു മുമ്പ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ കൈവരിക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കും.

ദേവസ്വം

  1. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും. അതിന്റെ ആദ്യഘട്ടമായി 100 കോടി രൂപയുടെ ചെലവ് വരുന്ന നിലയ്ക്കല്‍ പാര്‍ക്കിംഗ്, വലിയ നടപ്പന്തല്‍ രണ്ടാംനില, അരവണ നിര്‍മ്മാണശാല മാറ്റി സ്ഥാപിക്കല്‍, ഭക്തര്‍ക്ക് തിരിച്ചുപോകാന്‍ പ്രത്യേക പാത തുടങ്ങിയവ അടുത്ത മകരമാസത്തിനു മുമ്പ് പൂര്‍ത്തീകരിക്കും. ശബരി പാതയ്ക്കായി റെയില്‍വേയും റവന്യൂ വകുപ്പും സംയുക്തമായി കല്ലിട്ട് തിരിച്ചിരിക്കുന്ന ഐക്കൊമ്പ് (പാലയ്ക്കു സമീപം) വരെയുള്ള സ്ഥലത്തിന്റെ വില നല്‍കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. എരുമേലി വരെയുള്ള ദൂരത്തെ സ്ഥലമെടുപ്പിനുള്ള നടപടികള്‍ ആരംഭിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കും.

ലോട്ടറി

  1. കേന്ദ്ര ലോട്ടറി നിയമം സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള രീതിയില്‍ ഭേദഗതി ചെയ്യുന്നതിന് സമ്മര്‍ദ്ദം ചെലുത്തും. ലോട്ടറി മാഫിയയെ കേരളത്തില്‍നിന്ന് പുറത്താക്കുന്നതിനുവേണ്ടി എല്ലാവിധ നടപടികളും സ്വീകരിക്കും. കേരള ഭാഗ്യക്കുറി സംരക്ഷിക്കും.

സെക്രട്ടേറിയറ്റും ഡിപ്പാര്‍ട്ട്‌മെന്റുകളും

  1. വന്‍കിട പ്രോജക്ടുകളുടെ മോണിറ്ററിംഗിന് പ്രത്യേക സംവിധാനമുണ്ടാക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കേരളത്തിന് കൂടുതല്‍ അനുയോജ്യമാക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. എല്ലാ മാസവും അവയുടെ നടത്തിപ്പ് അവലോകനം ചെയ്യുന്ന സമ്പ്രദായം കൊണ്ടുവരും.
  2. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും വകുപ്പുകളിലേക്കും വകുപ്പുകളില്‍ നിന്നു താഴെത്തലങ്ങളിലേക്കും വികേന്ദ്രീകരിക്കേണ്ട അധികാരങ്ങള്‍, ധനകാര്യ അധികാരങ്ങള്‍ ഉള്‍പ്പെടെ, അടിയന്തിരമായി വികേന്ദ്രീകരിച്ചു നല്‍കണം. ഓരോ തട്ടിലും കൈകാര്യം ചെയ്യേണ്ട കാര്യങ്ങള്‍ അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ മുകള്‍ തട്ടിലേക്ക് പോകുന്നില്ലായെന്ന് ഉറപ്പ് വരുത്തും.
  3. കാലഹരണപ്പെട്ട സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും മാനുവലുകളും, മാര്‍ഗനിര്‍ദ്ദേശങ്ങളും രീതി സമ്പ്രദായങ്ങളും കാലോചിതമായി പുതുക്കുന്നതിന് സമയബന്ധിതമായി പദ്ധതി ആവിഷ്‌കരിക്കും. തട്ടുകള്‍ കുറച്ചുകൊണ്ട് സെക്രട്ടേറിയറ്റ് ഭരണ സംവിധാനത്തില്‍ വേണ്ട പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കണം.
  4. മിഡില്‍ മാനേജ്‌മെന്റ് ശക്തമാക്കുന്നതിന് സ്റ്റേറ്റ് സിവില്‍ സര്‍വീസ് രൂപീകരിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ നിര്‍ദ്ദേശം നടപ്പിലാക്കും.
  5. അഴിമതിരഹിതവും സംശുദ്ധവുമായ സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തോടെ ലോകായുക്ത, ഓംബുഡ്‌സ്മാന്‍, വിജിലന്‍സ് സംവിധാനങ്ങളെ ഫലപ്രദമാക്കാനുണ്ട്. സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഓംബുഡ്‌സ്മാന്‍ പ്രാവര്‍ത്തികമാക്കുന്നതായിരിക്കും.
  6. സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പൊതുസ്ഥലംമാറ്റത്തിന് വിദ്യാഭ്യാസവകുപ്പില്‍ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ സംവിധാനം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും.
  7. 'സേവനാവകാശ നിയമം' കൊണ്ടുവരും. നിലവിലുള്ള റെക്കോര്‍ഡുകളുടെയും രജിസ്റ്ററുകളുടെയും അടിസ്ഥാനത്തില്‍ നല്‍കാവുന്നതും കൂടുതല്‍ അന്വേഷണം ആവശ്യമില്ലാത്തതുമായ സര്‍ട്ടിഫിക്കറ്റുകള്‍ അടുത്ത പ്രവൃത്തിദിവസം തന്നെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകളും റെക്കോര്‍ഡുകളും പരമാവധി അഞ്ച് ദിവസത്തിനുള്ളിലും നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ആഫീസുകളെ തമ്മില്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കും. സര്‍ക്കാരിനു ലഭിക്കുന്ന വിവിധങ്ങളായ നിവേദനങ്ങള്‍ അവയുടെ സ്വഭാവം അനുസരിച്ച് ഓരോ വിഭാഗത്തിനും നിശ്ചിത സമയത്തിനുളളില്‍ തീര്‍പ്പുകല്‍പ്പിച്ച് പരാതിക്കാരനെ അറിയിക്കണമെന്ന് വ്യവസ്ഥ ചെയ്യും. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും.

വിവര സംവേദന സാങ്കേതികവിദ്യയും ഇ-ഗവേണന്‍സും

  1. വിവിധ വകുപ്പ് - സ്ഥാപനതലങ്ങളില്‍ സഞ്ചയിക്കപ്പെട്ടിരിക്കുന്ന വിവരശേഖരം (ഡാറ്റാ ബേയ്‌സ്) ഉദ്ഗ്രഥിപ്പിക്കും. ഉദാഹരണമായി ഫ്രണ്ട്‌സ് മുഖേന നികുതി പിരിയ്ക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ട തദ്ദേശ ഭരണ-വകുപ്പ് സ്ഥാപനങ്ങളില്‍ ഈ വിവരം പുതുക്കി ചേര്‍ക്കപ്പെടുക എന്ന രീതി ആവിഷ്‌കരിക്കും.
  2. രജിസ്റ്ററുകളും ഫയലുകളും എഴുതി സൂക്ഷിക്കുന്ന വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി ദ്രുതഗതിയില്‍ വിവരവിനിമയം നടത്തി സേവനം ലഭ്യമാക്കുന്ന സംവിധാനം രൂപപ്പെടുത്തും. ഇത്തരം വിവരമാറ്റം വരുത്തുമ്പോള്‍ അവയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താനും രേഖീകൃതവിവരങ്ങളുടെ പരസ്പരം കൈമാറ്റവും വിനിയോഗവും ഉറപ്പാക്കുന്നതിനും ഉള്ള നയവും നടപടി ക്രമവും അവയുടെ നിയമസുരക്ഷയ്ക്കായുള്ള ചട്ട വ്യവസ്ഥകളും ഉണ്ടാക്കും.
  3. ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും അനുമതി തേടിക്കൊണ്ട് പരസ്പരം കൈമാറി ഉപയോഗിക്കാനും വ്യവസ്ഥപ്പെടുത്തും.
  4. വിവിധ പദ്ധതികളുടെ ആസൂത്രണം, ഗുണഭോക്തൃനിര്‍ണയം, തുടങ്ങിയവയ്ക്ക് പൗരരുടെ വിവരങ്ങള്‍, ജനന-മരണവിവരങ്ങള്‍, വിദ്യാര്‍ത്ഥി വിവരങ്ങള്‍ വോട്ടര്‍ വിവരങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ പരസ്പരം കൈമാറ്റി വിനിയോഗിക്കാന്‍ വ്യവസ്ഥപ്പെടുത്തും.
  5. ദൈനംദിന ഭരണ പ്രവൃത്തികളില്‍ ഇലക്‌ട്രോണിക് രേഖകളുടെയും ഡിജിറ്റല്‍ സിഗ്‌നേച്ചറിന്റെയും പ്രയോഗം സാധ്യമാക്കി സേവന നിര്‍വ്വഹണം ദ്രുതഗതിയിലാക്കാന്‍ നടപടിയുണ്ടാകണം.
  6. സാര്‍വ്വത്രിക ഈ.സാക്ഷരത നടപ്പാക്കാനുള്ള തീവ്രയത്‌നം തദ്ദേശഭഭരണതലത്തില്‍ ലീപ് കേരള മിഷന്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി സാധിതമാക്കും. ഇതിനായി നിലവിലുള്ള ഐ.ടി.മിഷന്‍, ഐ.കെ.എം തുടങ്ങിയ ശൃംഖലാസംവിധാനങ്ങളെ പുസംഘടിപ്പിച്ച് ഉപയോഗപ്പെടുത്തും.

അധികാരവികേന്ദ്രീകരണം

  1. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി ഒട്ടേറെ അധികാരങ്ങള്‍ താഴേക്കു നല്‍കിയിട്ടുണ്ട്. പലവകുപ്പുകളിലും ഉദ്യോഗസ്ഥരെയും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു വിന്യസിച്ചിട്ടുണ്ട്. ഈ പുനര്‍വിന്യാസ പ്രക്രിയ അധികാരത്തിലെത്തി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കൈമാറ്റപ്പെടുന്ന ജീവനക്കാരുടെ നിര്‍വ്വഹണപരവും നിയന്ത്രണപരവുമായ മേല്‍നോട്ട അധികാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഭാരമേല്‍പ്പിക്കും. ഇതിനായി ലൈന്‍സി ഡിപ്പാര്‍ട്ടുമെന്റുകളുടെ അടിസ്ഥാനതല നിര്‍വ്വഹണകൃത്യങ്ങള്‍ പൂര്‍ണ്ണമായും തദ്ദേശഭരണക്രമവുമായി ഏകോപിപ്പിക്കും.
  2. ജില്ലാ ആസൂത്രണസമിതി കേരളത്തിന് അനുയോജ്യമായ വിധം പുന:സംഘടിപ്പിക്കുകയും ഡി.പി.സി സെക്രട്ടേറിയറ്റ് രൂപീകൃതമാക്കുകയും ചെയ്ത് നിര്‍വ്വഹണക്ഷമമാക്കും.
  3. പഞ്ചായത്ത്-നഗര ഭരണ മാന്വല്‍, ബജറ്റ്-അക്കൗണ്ട്‌സ്, ഓഡിറ്റ് മാന്വല്‍ എന്നിവ ഉണ്ടാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കും.
  4. ഗ്രാമസഭകള്‍ ഫലപ്രദമാക്കുന്നതിനു അയല്‍ക്കൂട്ടങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കി വളര്‍ത്തും.
  5. സന്നദ്ധസാങ്കേതികപ്രവര്‍ത്തകര്‍ അടങ്ങുന്ന കര്‍മ്മ സമിതികള്‍, സാമൂഹ്യനിയമകാര്യപ്രവര്‍ത്തകര്‍ അടങ്ങുന്ന ജാഗ്രതാ സമിതികള്‍, സദ്ഭരണഭാഗമായ പരാതി പരിഹാര സമിതികള്‍, സാമൂഹ്യാവലോകനസമിതികള്‍, സ്ഥാപനമാനേജ്‌മെന്റ് സമിതികള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടല്‍ നടത്തും.
  6. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളെ പ്രായോഗിക വികേന്ദ്രീകൃതാധികാര നിര്‍വ്വഹണവേദികളായി ഉത്തരവാദിത്തപ്പെടുത്തുംവിധം നിയമ-ചട്ട ഭേദഗതികള്‍ നടപ്പാക്കി ശാക്തീകരിക്കും.
  7. എല്ലാ പഞ്ചായത്തിലും ഒരു പൊതു കളിസ്ഥലവും പൊതു ശ്മശാനവും ഉറപ്പുവരുത്തും. ജനങ്ങള്‍ക്ക് ഒത്തുകൂടാനും ആശയവിനിമയം നടത്താനും സൗകര്യപ്പെടുന്ന വിധത്തിലുള്ള കമ്മ്യൂണിറ്റി സെന്ററുകളോ ഓപ്പണ്‍ എയര്‍ തിയേറ്ററുകളോ എല്ലാ പഞ്ചായത്തുകളിലും ഉറപ്പുവരുത്തും.

ജുഡീഷ്യറി

  1. കീഴ്‌കോടതികളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. കുടുംബകോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജഡ്ജിമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്ക് ലിംഗാവബോധ പരിശീലനങ്ങള്‍ നല്‍കും.
  2. ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍, ജാഗ്രതാ സമിതികള്‍, വനിതാ സെല്ലുകള്‍ എന്നിവയുമായി നെറ്റ്‌വര്‍ക്കിംഗ് ഉണ്ടാകും.

തൊഴില്‍ നയം

  1. തൊഴിലാളി-തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുന്നതിനും തൊഴിലാളി സംഘടനകളോട് ചര്‍ച്ച ചെയ്യുക എന്നത് എല്‍.ഡി.എഫിന്റെ നയമായിരിക്കും. ഇ.എസ്.ഐ വിപുലീകരിക്കും. തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യും എന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയമായിരിക്കും.
  2. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുും അവകാശങ്ങള്‍ക്കും പൂര്‍ണ്ണ സംരക്ഷണം നല്‍കും. ആരോഗ്യകരമായ തൊഴില്‍ ബന്ധത്തിലൂടെ വ്യവസായവല്‍ക്കരണത്തിന് കൂടുതല്‍ പ്രോല്‍സാഹനജനകമായ ക്രിയാത്മക അന്തരീക്ഷം സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കും. പുതിയ വ്യവസായസംരംഭങ്ങളുടെ നിര്‍മ്മാണഘട്ടത്തിലും പ്രവര്‍ത്തനങ്ങളുടെ പ്രാരംഭദശയിലും അനാരോഗ്യകരമായ തൊഴില്‍ കുഴപ്പങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ കര്‍ശന സംവിധാനങ്ങള്‍ ട്രേഡ് യൂണിയനുകളുമായി ആലോചിച്ച് ഏര്‍പ്പെടുത്തും.
  3. വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തിലുളള നടപടികള്‍ സ്വീകരിക്കും.
  4. തൊഴില്‍വകുപ്പ് ശക്തിപ്പെടുത്തും.
  5. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വന്നു തൊഴിലെടുക്കുന്നവരുടെ സ്ഥിതിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തും. ഇന്റര്‍ സ്‌റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് ആക്ട് നടപ്പിലാക്കും.

മദ്യനയം

  1. മദ്യവും മയക്കുമരുന്നുകളും സമൂഹത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അവ വര്‍ജിക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മദ്യപാനത്തെ കര്‍ശനമായി നിരുല്‍സാഹപ്പെടുത്തുന്ന ഒരു നയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ളത്. മദ്യപാനാസക്തിക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ ഗ്രാമസഭകളുടെ പങ്കാളിത്തത്തോടെ ആവിഷ്‌കരിക്കും. മദ്യമാഫിയയ്‌ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
  2. വിദേശ മദ്യഷാപ്പുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കും. വീര്യംകൂടിയ മദ്യങ്ങളെ നിരുത്സാഹപ്പെടുത്തുകയും അതേ സമയം വീര്യംകുറഞ്ഞ കള്ളുപോലുള്ള പരമ്പരാഗത മദ്യം ഗുണനിലവാരം ഉറപ്പുവരുത്തി ലഭ്യമാക്കുകയും ചെയ്യുക എന്നതായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയം. വ്യാജ കള്ളിനെതിരെ കര്‍ശനമായ നടപടികള്‍ തുടരും. ചെത്തുവ്യവസായ സംരക്ഷണത്തിനുള്ള നടപടി തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് രൂപം നല്‍കും.

ഗതാഗതം

  1. കെ.എസ്.ആര്‍.ടി.സി ചെയ്യുന്ന സേവനം കണക്കിലെടുത്ത് മതിയായ സഹായം നല്‍കും. കടബാധ്യത ഒറ്റത്തവണ തീര്‍പ്പ് വഴി ഇല്ലാതാക്കും. ഇതിനായി പ്രത്യേക പാക്കേജിന് രൂപം നല്‍കും. പെന്‍ഷന്‍ മാസാദ്യം തന്നെ കെ.എസ്.ആര്‍.ടി.സി വിതരണം ചെയ്യുന്നു എന്നകാര്യം ഉറപ്പ് വരുത്തും.

റവന്യൂ

  1. കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

പരിസ്ഥിതി നയം

  1. തീരദേശ പരിപാലനം ഉള്‍പ്പെടെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ വികസന പദ്ധതികളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന രീതി പ്രാവര്‍ത്തികമാക്കും.
  2. ഹരിത സാങ്കേതിക വിദ്യാ പ്രയോഗത്തിലൂടെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുകയും, പ്രകൃതി വിഭവ സംരക്ഷണവും വിനിയോഗവും ക്രമീകരിക്കുകയും സൂസ്ഥിര വികസനത്തിലൂന്നിയുള്ള സാമൂഹ്യ-സാമ്പത്തിക വികസനക്രമത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യും.
  3. മലിനജലം ശൂദ്ധീകരിച്ച് പുനഃചംക്രമണം നടത്തിയും പാഴ്‌വസ്തുക്കളുടെ പരമാവധി പുനരുപയോഗം സാധ്യമാക്കിയും വ്യവസായങ്ങളെ സീറോ ഡിസ്ചാര്‍ജ്ജ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രേരിപ്പിക്കും. ഇതിനായി സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തും.
  4. ഇന്നു നിലവിലുള്ള മലിനീകരണ നിയന്ത്രണ നിയമത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലും ഉള്ള പരിമിതികളും പോരായ്മകളും പരിഹരിക്കും.
  5. ക്ലീന്‍ ടെക്‌നോളജി, ഗ്രീന്‍ ടെക്‌നോളജി തുടങ്ങിയ നൂതന സങ്കേതങ്ങളെ സമൂഹത്തിന്റെ ആവശ്യത്തിനുതകുന്ന രീതിയില്‍ പ്രയോഗത്തിലെത്തിക്കുന്നതിന് പരിസ്ഥിതി പരിപാലന ഏജന്‍സിയെ പ്രാപ്തമാക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തും.
  6. പ്രാദേശിക സര്‍ക്കാരുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടപ്പിലാക്കിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്കും സമൂഹത്തിനും ദോഷമുളവാക്കുന്നവയല്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. അതേ സമയം കേവല പരിസ്ഥിതി വാദമുയര്‍ത്തി വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരുത്സാപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ക്രമസമാധാനപാലനവും പോലീസും

  1. ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപകമായി നടപ്പാക്കും.
  2. സംസ്ഥാനത്ത് ഒരു വനിതാ ബറ്റാലിയന്‍ സ്ഥാപിക്കും. മൊത്തം പോലീസ് സേനയുടെ 15 ശതമാനം എന്ന നിരക്കിലേക്ക് വനിതാ പോലീസിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കും.
  3. സംസ്ഥാനത്ത് വ്യവസായ സംരക്ഷണ സേന രൂപീകരിക്കും.
  4. ട്രാഫിക് അപകട നിവാരണത്തിനും നിയന്ത്രണത്തിനുമായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേകം പരിശീലനം നല്‍കപ്പെട്ട പോലീസ് വിഭാഗം രൂപീകരിക്കും. ട്രാഫിക് ഫൈന്‍ ഈടാക്കുന്നത് ഇലക്‌ട്രോണിക് സംവിധാനം വഴിയാക്കി മാറ്റിയും ക്യാമറകള്‍ സ്ഥാപിച്ചും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കും.
  5. പോലീസിന് നല്‍കിയ പരാതിയിന്മേല്‍ എടുത്ത നടപടി പൊതുജനങ്ങളെ അറിയിക്കുന്നതിന് ഡിജിറ്റല്‍ പെറ്റീഷന്‍ മോണിറ്ററിംഗ് സംവിധാനം പൊതുജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാകത്തക്കവിധത്തില്‍ നടപ്പിലാക്കും.
  6. കമാണ്ടോ വിഭാഗം, ആഭ്യന്തര സുരക്ഷാ ഇന്റലിജന്‍സ് വിഭാഗം, ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗം എന്നിവ സംയോജിപ്പിച്ച് സംസ്ഥാന ഭീകരവിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി പോലീസ് സേനയില്‍ സൃഷ്ടിക്കും.
  7. ജയിലുകളുടെ ആധുനികവല്‍ക്കരണ പ്രക്രിയ ശക്തിപ്പെടുത്തും.
  8. അഞ്ചുവര്‍ഷം കൊണ്ട് 140 മണ്ഡലങ്ങളിലും ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കും.

വിമുക്തഭടന്മാര്‍

  1. വിമുക്തഭടന്മാര്‍ക്കായി ആരംഭം കുറിച്ച ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കിന് സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
  2. മലപ്പുറം ജില്ലയില്‍ വിമുക്തഭടന്മാര്‍ രൂപം നല്‍കിയ സൈനിക പബ്ലിക് സ്‌കൂളിന് എന്‍.ഒ.സി നല്‍കും.
  3. യുദ്ധ സ്മാരകങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും.
  4. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

അഴിമതിക്കെതിരെ

  1. അഴിമതിരഹിത സംശുദ്ധഭരണം എല്‍.ഡി.എഫ് ഉറപ്പുവരുത്തും
  2. ഒരുവര്‍ഷം കൊണ്ട് വിജിലന്‍സ് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കേസുകള്‍ കോടതിയില്‍ സമര്‍പ്പിക്കത്തക്ക വിധത്തില്‍ വിജിലന്‍സ് വകുപ്പിനെ ആധുനികവല്‍ക്കരിക്കും. പുതിയ വിജിലന്‍സ് കോടതികള്‍ സ്ഥാപിക്കും.
  3. സംശുദ്ധമായ സിവില്‍ സര്‍വീസും അഴിമതിരഹിത പൊതുപ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നതിന് സമഗ്രമായ നിയമനിര്‍മാണം നടത്തും. അതിലേക്കായി നിലവിലുള്ള അഴിമതിനിരോധന നിയമത്തിലും കേരള ലോകായുക്ത നിയമത്തിലും സമഗ്രമായ മാറ്റങ്ങള്‍ വരുത്തും.
  4. അഴിമതി, കാര്യക്ഷമതയില്ലായ്മ എന്നിവയ്‌ക്കെതിരായി സംഘടനകളുടെ സഹായത്തോടെ വലിയ ബഹുജന ക്യാമ്പയിന്‍ ആരംഭിക്കുന്നതും ശക്തമായ ഭരണനടപടികള്‍ സ്വീകരിക്കുന്നതുമാണ്.
  5. പൊതുപ്രവര്‍ത്തകരെക്കുറിച്ചും അവരുടെ സ്വത്തുവിവരങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് സുതാര്യവും വിശ്വാസ്യയോഗ്യവുമായ നിലയില്‍ വിവരം നല്‍കുവാനും അന്യസംസ്ഥാനങ്ങളിലോ അന്യരാജ്യങ്ങളിലോ അവര്‍ക്കുള്ള സ്വത്തുക്കള്‍ പൊതുജനമധ്യത്തില്‍ വെളിച്ചം കാണുവാനും ഇന്നുള്ള സംവിധാനം അപര്യാപ്തമാണ്. ഇതിനായി കേരള ലോകായുക്ത നിയമത്തിലും ചട്ടങ്ങള്‍ക്കും ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതാണ്.

സംവരണനയം

  1. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരണമെന്ന നയത്തില്‍ എല്‍.ഡി.എഫ്. ഉറച്ചു നില്‍ക്കുന്നു. സംവരണകാര്യത്തില്‍ പരസ്പര വിരുദ്ധവും അവസരവാദപരവുമായ നിലപാടുകള്‍ സ്വീകരിക്കുന്നവരുടെ ഒരു മുന്നണിയാണ് യു.ഡി.എഫ്. ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്കു തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം, മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും നടപ്പില്‍ വരാന്‍ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു ഭരണഘടനാ ഭേദഗതി നടപ്പില്‍ വരുത്താന്‍ എല്‍.ഡി.എഫ്. പരിശ്രമിക്കുന്നതായിരിക്കും.
  2. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യം ന്യായയുക്തമാണെന്ന് എല്‍.ഡി.എഫ് കരുതുന്നു. ഇതു പ്രായോഗികമായി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള പട്ടികജാതി വിഭാഗങ്ങള്‍ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇക്കാര്യം അവരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിക്കും.

ഉപസംഹാരം

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടര്‍ന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കേരളം നേടിയ നേട്ടങ്ങളെ മുഴുവനും തകര്‍ക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചത്. ഇതില്‍നിന്നും വ്യത്യസ്തമായി ഓരോ മേഖലയിലും ജനകീയ ബദലിന് രൂപം നല്‍കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിശ്രമിച്ചത്. മതേതര അടിത്തറയും സാമ്രാജ്യത്വവിരുദ്ധ സമീപനവും ഇത്തരം വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ-സാമ്പത്തിക നീതിയും ഒന്നിച്ചുകൊണ്ടുപോകുന്ന കേരള വികസന മാതൃകയ്ക്ക് രൂപം നല്‍കി. അനിയന്ത്രിതമായ കമ്പോളവല്‍ക്കരണമാണ് വികസന മാര്‍ഗം എന്ന ധാരണ തിരുത്തുന്നതിന് ഈ നയങ്ങളിലൂടെ സാധ്യമാവുകയും ചെയ്തു.
പ്രകടനപത്രികയില്‍ എല്‍.ഡി.എഫ് ജനങ്ങളുടെ മുമ്പില്‍ വച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കി മുന്നോട്ടുപോവുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. നേട്ടങ്ങളുടെ നിറവില്‍ നിന്നുകൊണ്ട് കൂടുതല്‍ ശോഭനമായ നാളയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ആത്മവിശ്വാസത്തോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിന് ഒരു തുടര്‍ച്ച ഉണ്ടായേ തീരൂ. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുത്തന്‍ വികസന മാതൃക സൃഷ്ടിക്കായുള്ള കര്‍മ്മപരിപാടി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ എല്‍.ഡി.എഫ് അവതരിപ്പിക്കുന്നത്. ഇത് നടപ്പില്‍ വരുത്താന്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും വിജയിപ്പിക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ മുഴുവന്‍ ജനങ്ങളോടും ഇടതുപക്ഷ ജനാധിപത്യ മുന്നണി സവിനയം അഭ്യര്‍ത്ഥിക്കുന്നു.
വൈക്കം വിശ്വന്‍
കണ്‍വീനര്‍
എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി